കൊറോണക്കാലത്തെ നോമ്പാചരണം

കൊറോണക്കാലത്തെ നോമ്പാചരണം

അനിതരസാധാരണ പ്രതിസന്ധികളിലൂടെയാണു ലോകം ഇന്നു കടന്നു പോകുന്നത്. കൊറോണ എന്ന അതിസൂക്ഷ്മജീവി, ലോകം കീഴടക്കി എന്നഹങ്കരിച്ച മനുഷ്യനെ നിഷ്പ്രഭമാക്കിയ കാഴ്ച വിറങ്ങലിച്ചു നാം കണ്ടുനിന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥയും. ബലഹീനതയും വെളിവാക്കപ്പെട്ട സാഹചര്യം. സ്വാതന്ത്ര്യത്തിന്റെ അർത്ഥവും വ്യാപ്തിയും എന്തെന്നു മനുഷ്യവംശത്തെ ഇരുത്തി പഠിപ്പിച്ചു ഈ മായാവി. മുഖത്തെ ആവരണം മാറ്റാൻ, താൻ അധിപനായ ലോകത്തിൽ യാത്ര ചെയ്യാൻ, ഉറ്റവരെ ഒന്നു കാണാൻ, ഇഷ്ടമുള്ളവരെ സ്നേഹത്തോടെ ഒന്നു പുണരാൻ കൊതിക്കുന്നു നാമോരോരുത്തരും. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങൾ നമ്മെ പഠിപ്പിച്ചു കൊറോണാ വൈറസ്.

മനുഷ്യനു അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ലോകം ചിന്തിച്ചു തീരുന്നിടത്തു, അവന്റെ ബൗദ്ധികമണ്ഡലം ആശയക്കുഴപ്പത്തിലാവുന്നിടത്തു ദൈവം പ്രവർത്തിച്ചു തുടങ്ങുന്നു. നോമ്പുകാല ചിന്തകളുടെ പ്രസക്തി ഇവിടെയാണ്. മനുഷ്യൻ തന്റെ ബുദ്ധിവൈഭവത്തിന്റെ ചിറകേറി സമാനതകളില്ലാത്ത ആധുനികതയുടെ വിഹായസ്സിൽ പറന്നുയർന്നുകൊണ്ടേയിരുന്നു. പക്ഷേ തന്റെ പ്രയാണത്തിൽ അവൻ പ്രണയിച്ചതു കരവിരുതിനേയും സാമർത്ഥ്യത്തേയുമായിരുന്നു. 'മനസ്സിന്റെ നന്മ' എന്ന മനോഹാരിതയെ അവൻ യാത്രയിലെവിടെയോ മറന്നുവച്ചു. ആ യാത്രയുടെ മറന്ന സ്മരണകളിലേക്കാണു ഈ കൊറോണാക്കാല നോമ്പു ദിനങ്ങൾ നമ്മെ നയിക്കുന്നത്. ജാതിയുടേയും മതത്തിന്റെയും രാഷ്ടീയത്തിന്റെയും ഭാഷയുടേയും ധനത്തിന്റെയും മണ്ണിന്റെയും പേരിലവൻ കലഹിച്ചു. തന്റെ നോട്ടത്തിന്റെ അതിർവരമ്പുകൾ തന്നിലേക്കു തന്നെ ചുരുക്കി. സഹോദരന്റെ അയൽക്കാരന്റെ അവസ്ഥകളിലേക്കൊരു എത്തിനോട്ടമെങ്കിലും നടത്താൻ എല്ലാം തികഞ്ഞ അവനു സാധിക്കാതെ വന്നു. അങ്ങനെ നാം മറന്നുവച്ച നന്മകളുടെ ചിന്തകളിലേക്കുള്ള തിരിഞ്ഞു നടത്തമാണീ പുണ്യദിനങ്ങൾ നമുക്കു നൽകുന്നത്. സന്തോഷത്തിന്റെയും ശാന്തതയുടേയും പങ്കുവയ്ക്കലിന്റെയും നിമിഷങ്ങളായി ഈ ദിനങ്ങൾ പരിണമിക്കട്ടെ. എല്ലാം തികഞ്ഞിട്ടു നൽകുന്നവനേക്കാൾ എത്രയോ ഉയരങ്ങളിലാണു ഇല്ലായ്മയിൽനിന്നും ഉള്ളത് നൽകുന്നവന്റെ മനസ്സ്. നമുക്കൊരുമിച്ചു തിരിഞ്ഞു നടക്കാം. യാത്രയിൽ നാം മറന്നുവച്ച നന്മകളാകുന്ന കനമുള്ള കനകം തേടി പോകാം. നോമ്പുകാലം പരിത്യാഗത്തിന്റെയും പരിവർത്തനത്തിന്റെയും നാളുകളാണ്. വെറുപ്പിന്റെയും അഹങ്കാരത്തിന്റെയും അശുദ്ധിയുടേയുമൊക്കെ ഞങ്ങണത്തണ്ടിനെ ഒടിച്ചുകളഞ്ഞു എളിമയുടേയും വിനയത്തിന്റെയും വിശുദ്ധിയുടേയും കവചമണിയാം. മനുഷ്യന്റെ ബുദ്ധിക്കും ശാസ്ത്രത്തിനുമൊക്കെ അപ്രാപ്യമാണു ദൈവത്തിന്റെ ചെയ്തികൾ. "മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു, എന്നാൽ അന്തിമ തീരുമാനം ദൈവത്തിന്റേതത്രേ" (സുഭാഷിതങ്ങൾ 16:1). എന്ന വചനം ഈ പ്രതിസന്ധിയുടെ നോമ്പുദിനങ്ങളിൽ നമ്മുടെ അകക്കണ്ണു തുറപ്പിക്കണം.




ഈ പുണ്യദിനങ്ങളിൽ വെട്ടിപ്പിടിക്കലിന്റെയും ഞാനെന്നഭാവത്തിന്റെയുമൊക്കെ ഇടുങ്ങിയ ചിന്തകളുടെ കെട്ടുകൾ പൊട്ടിച്ചു നമുക്കു വിട്ടുകൊടുക്കലിന്റെയും പങ്കുവയ്ക്കലിന്റെയും വിശാലതയുടെ പടച്ചട്ടയണിയാം. വാടിയ വദനങ്ങൾ വിടർത്തുന്ന വിഹഗങ്ങളായി നമുക്കൊരുമിച്ചുയർന്നു പറക്കാം. ദൈവമാണു നമുക്കു പ്രതിസന്ധിയിൽ സംരക്ഷണകവചം തീർക്കുന്നവൻ. അവിടുന്നു പറയുന്നു.
"ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയേയും നട്ടുച്ചക്കു വരുന്ന വിനാശത്തേയും നീ പേടിക്കേണ്ട. നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചു വീണേക്കാം, നിന്റെ വലതുവശത്തു പതിനായിരങ്ങളും, എങ്കിലും നിനക്കൊരനർത്ഥവും സംഭവിക്കുകയില്ല" (സങ്കീർത്തനങ്ങൾ 91: 6, 7). ഇതു ദൈവം നമുക്കു തരുന്ന ഉറപ്പാണ്. നെഞ്ചോരം കുന്നോളം നന്മകൾ നിറച്ചു ഈ നല്ല ദിനങ്ങൾ ധന്യമാക്കി നമുക്കു ദൈവത്തോടടുത്തിരിക്കാം. എല്ലാവർക്കും ഈ നോമ്പുകാലം വിചിന്തനത്തിന്റെയും പരിവർത്തനത്തിന്റെയും വേറിട്ട ഹൃദ്യമായ അനുഭവം സമ്മാനിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു.

റ്റോജോമോൻ ജോസഫ്
മരിയാപുരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26