ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ ടാങ്കറുകള്‍ക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതില്‍ ഇറാന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനിയെ നേരിട്ട് വിളിച്ചു വരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ.
ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരും രണ്ട് ഉക്രെയ്ന്‍ സ്വദേശികളുമുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ടെഹ്റാനില്‍ യുഎസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇറാന്‍ തിരിച്ചടിക്കുകയായിരുന്നു.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും സംഘര്‍ഷങ്ങള്‍ ഉടനടി ലഘൂകരിക്കുന്നതിനുമാവശ്യമായ ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകണമെന്ന് ആക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകള്‍ക്കും പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം.
അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസമില്ലാത്തതുമായ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനസ്ഥാപിക്കണമെന്നും പ്രസ്താവനയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുഎഇ ടാങ്കറുകളായ മൊംബാസ, അല്‍ ബഹിയാഹ് എന്നീ ടാങ്കറുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഒമാനി ജലപാതയിലൂടെ കടന്നുപോകുന്നതിനിടെ ഇറാനിയന്‍ ക്രൂസ് മിസൈലുകള്‍ ടാങ്കറുകളില്‍ പതിക്കുകയായിരുന്നു. ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യുഎഇ ആരോപിച്ചു.
അതേസമയം ഇറാനുനേരെ കൂടുതല്‍ ആക്രമണത്തിന് തുടക്കമിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനുനേരെ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.