പ്രശസ്ത സംഗീത സംവിധായകന്‍ കൊച്ചിന്‍ അലക്സ് അന്തരിച്ചു: ചെന്നൈയിലെ നാടക-സിനിമാ ലോകത്തിന് തീരാനഷ്ടം

പ്രശസ്ത സംഗീത സംവിധായകന്‍ കൊച്ചിന്‍ അലക്സ് അന്തരിച്ചു: ചെന്നൈയിലെ നാടക-സിനിമാ ലോകത്തിന് തീരാനഷ്ടം

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എന്‍.എ അലക്സ് (കൊച്ചിന്‍ അലക്സ്- 82) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അന്ത്യം. കുണ്ടന്നൂര്‍ നെടുംപറമ്പില്‍ കുടുംബാംഗമായ കൊച്ചിന്‍ അലക്‌സ് പതിറ്റാണ്ടുകളായി ചെന്നൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ചെന്നൈയില്‍ നടക്കും.

മലയാള സിനിമാ ലോകത്തും നാടക വേദിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു കൊച്ചിന്‍ അലക്‌സ്. സ്നേഹ സമ്മാനം, ലില്ലിപ്പൂക്കള്‍ ചുവന്നപ്പോള്‍, ജന്‍മശത്രു, നീ അരികില്‍ ഞാന്‍ അകലെ, കാമലോല തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദേഹം ഈണം നല്‍കി. കെ.ജെ യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, വാണി ജയറാം, എസ്. ജാനകി, എം.ജി. ശ്രീകുമാര്‍, സുജാത മോഹന്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ അദേഹത്തിന്റെ സംഗീതത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഒട്ടേറെ പ്രശസ്തമായ ആല്‍ബങ്ങള്‍ക്കും നാടകഗാനങ്ങള്‍ക്കും അദേഹം സംഗീതവും ശബ്ദവും നല്‍കി.

ചെന്നൈയിലെ മലയാളം, തമിഴ് നാടക വേദികളില്‍ പശ്ചാത്തല സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദേഹം. കലൈഞ്ജര്‍ കണ്ണദാസന്റെ പ്രമുഖ നാടക ട്രൂപ്പിലടക്കം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സംഗീത സംവിധാനത്തിന് പുറമെ മികച്ചൊരു ഡബിങ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്ന അദേഹം, ശബ്ദ സാധ്യതകള്‍ കൊണ്ട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതില്‍ വലിയ പാടവം പുലര്‍ത്തിയിരുന്നു. ചെന്നൈയിലെ സാംസ്‌കാരിക കൂട്ടായ്മകളിലും നാടക രംഗത്തും അദേഹം സജീവമായി ഇടപെട്ടിരുന്നു.

ഭാര്യ: ലില്ലി (ലളിത). മക്കള്‍: എ. വിമല്‍ ആന്റണി, എന്‍.എ രാജീവ് സോളമന്‍.

പ്രമുഖ ചലച്ചിത്ര-നാടക പ്രവര്‍ത്തകര്‍ അദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.