എഐ വിപ്ലവമോ തൊഴിൽ ദുരന്തമോ? ലോക നേതാക്കളോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നൊബേല്‍ ജേതാക്കളും ടെക് ഭീമന്മാരും

എഐ വിപ്ലവമോ തൊഴിൽ ദുരന്തമോ? ലോക നേതാക്കളോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നൊബേല്‍ ജേതാക്കളും ടെക് ഭീമന്മാരും

കലിഫോര്‍ണിയ: നിര്‍മിത ബുദ്ധിയുടെ അനിയന്ത്രിതമായ വളര്‍ച്ച ആഗോള തലത്തില്‍ സൃഷ്ടിച്ചേക്കാവുന്ന വന്‍ തൊഴില്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ അടിയന്തര നടപടി വേണമെന്ന ആഹ്വാനവുമായി ലോക നേതാക്കള്‍ക്ക് 200 ലേറെ പ്രമുഖരുടെ കത്ത്. 16 നൊബേല്‍ സമ്മാന ജേതാക്കളും ടെക് വ്യവസായ രംഗത്തെ മുന്‍നിര പ്രമുഖരും ഒപ്പുവെച്ച 'We must act now' എന്ന പ്രസ്താവന സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഡിജിറ്റല്‍ ഇക്കണോമി ലാബാണ് പുറത്തുവിട്ടത്.

നിര്‍മിത ബുദ്ധിയ്ക്ക് അടിത്തറ പാകിയ യോഷുവ ബെന്‍ജിയോ, യാന്‍ ലെകണ്‍ തുടങ്ങിയ വിദഗ്ധര്‍ക്കൊപ്പം ഗൂഗിള്‍ മുന്‍ സിഇഒ എറിക് ഷ്മിഡിറ്റ്, ലിങ്ക്ഡ് ഇന്‍ സ്ഥാപകന്‍ റീഡ് ഹോഫ്മാന്‍, ഇന്ത്യന്‍-അമേരിക്കന്‍ നിക്ഷേപകന്‍ വിനോദ് ഖോസ്ല, ഓപ്പണ്‍ എഐ, ആന്ത്രോപിക് എന്നി കമ്പനികളുടെ പ്രമുഖരാണ് മുന്നറിയിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സ്രഷ്ടാക്കള്‍ തന്നെ ഇതിന്റെ അപകട സാധ്യത ചൂണ്ടിക്കാണിക്കുന്നത് ആഗോളതലത്തില്‍ വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ എഐ മേഖലയില്‍ ഉണ്ടാകുന്ന മുന്നേറ്റം മുന്‍കാല വ്യാവസായിക വിപ്ലവങ്ങളെക്കാള്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കും വേഗത്തിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വലിയ തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ക്ക് ഇത് ഇടയാക്കുമെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ മുന്‍കൂട്ടി ഉറപ്പാക്കിയാല്‍ മനുഷ്യരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാനുള്ള അവസരമായും ഇതിനെ മാറ്റാന്‍ സാധിക്കും.

എഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ച പൂര്‍ണമായി തടയുന്നതിന് പകരം, ഇതുണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഭരണാധികാരികളും വിപണി വിദഗ്ധരും സാങ്കേതിക കമ്പനികളും സംയുക്തമായി രംഗത്തിറങ്ങണമെന്നാണ് പ്രധാന ആവശ്യം.

മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാന്‍, ഗൂഗിള്‍ എഐ മേധാവി ഡെമിസ് ഹസാബിസ് എന്നിവരും തൊഴില്‍നഷ്ട ഭീഷണികള്‍ തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അടക്കമുള്ള ചിലര്‍ ഈ തീവ്രമായ ആശങ്കകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.