ന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസ് മുതല്‍ ത്രിതല ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പുതിയൊരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്‌നയുടെ ബെഞ്ച് വ്യക്തമാക്കി.
ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷകള്‍ പഠിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ ഇത് ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും ഈ തീരുമാനം കുട്ടികളിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
ഒന്‍പതാം ക്ലാസ് എന്നത് കുട്ടികളെ സംബന്ധിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ സമയമാണ്. പിന്നെന്തിനാണ് ഈ ഘട്ടത്തില്‍ പുതിയൊരു ഭാഷകൂടി നിര്‍ബന്ധമാക്കുന്നത്? വേണമെങ്കില്‍ ഇത് ആറാം ക്ലാസില്‍ ഉള്‍പ്പെടുത്താമായിരുന്നു. എട്ടാം ക്ലാസ് കഴിയുന്നതോടെ തന്നെ കുട്ടികളില്‍ പരീക്ഷാ സമ്മര്‍ദ്ദം ആരംഭിക്കുകയാണ്. അതിനാല്‍ ഒന്‍പതാം ക്ലാസില്‍ മൂന്നാം ഭാഷ കൊണ്ടു വരരുതെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.