ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരുടെ കൂട്ടരാജി; ഗഗന്‍യാന്‍ അടക്കം സുപ്രധാന പദ്ധതികള്‍ക്ക് ഭീഷണി: കൊഴിഞ്ഞുപോക്ക് തടയാന്‍ കേന്ദ്രം

ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരുടെ കൂട്ടരാജി; ഗഗന്‍യാന്‍ അടക്കം സുപ്രധാന പദ്ധതികള്‍ക്ക് ഭീഷണി: കൊഴിഞ്ഞുപോക്ക് തടയാന്‍ കേന്ദ്രം

ബംഗളൂരു: നിര്‍ണായകമായ പല ബഹിരാകാശ പരീക്ഷണങ്ങളിലും അടുത്തയിടെ വന്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയില്‍ നിന്ന് ശാസ്ത്രജ്ഞരുടെ കൂട്ടരാജിയെന്ന് റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കിടെ 120 ഓളം ശാസ്ത്രജ്ഞരെങ്കിലും രാജി വെച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ഇതോടെ പ്രധാന ദൗത്യങ്ങളില്‍ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതായും ഇതുസംബന്ധിച്ച് ബഹിരാകാശ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗഗന്‍യാന്‍ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് വിആര്‍എസ് എടുക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബംഗളൂരുവിലെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്ന് മാത്രം എണ്‍പതോളം പേരാണ് ജോലി വിട്ടത്. വി.എസ്.എസ്.സിയില്‍ നിന്ന് ഇരുപതിലധികം പേരും രാജിവെച്ചു. മാസങ്ങള്‍ക്കിടെ 120 ശാസ്ത്രജ്ഞരെങ്കിലും ജോലി വിട്ടതായും ഒരുപക്ഷേ ഇനിയും കൂടുതല്‍ പേര്‍ ജോലി വിട്ടേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എല്‍വിഎം 3 പ്രാജക്ട് ഡയറക്ടര്‍, സ്പാഡെക്‌സ് പ്രാജക്ട് ഡയറക്ടര്‍, ചന്ദ്രയാന്‍ 3 പ്രൊജക്ട് ഡയറക്ടര്‍ തുടങ്ങിയവരാണ് ഐഎസ്ആര്‍ഒയില്‍ നിന്ന് അടുത്തിടെ രാജി വച്ചവരില്‍ പ്രമുഖര്‍. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെടുന്ന ശാസ്ത്രജ്ഞര്‍ ജോലി രാജി വെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യുന്നതിന് പുതിയ നിബന്ധനകള്‍ കര്‍ശനമാക്കിയത്.

ഗഗന്‍യാന്‍ പോലെയുള്ള പദ്ധതികളില്‍ അംഗങ്ങളായവരുടെ രാജിയോ വിആര്‍എസ് അപേക്ഷയോ ഇനി സാധാരണ നടപടിക്രമമനുസരിച്ച് സ്വീകരിക്കില്ലെന്നാണ് പുതിയ സര്‍ക്കുലര്‍. പദ്ധതികള്‍ പൂര്‍ത്തിയാകുന്നത് വരെ ഇവരുടെ അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്നും സെന്റര്‍ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്.

മാത്രമല്ല, ഇനി മുതല്‍ ഇത്തരം അപേക്ഷകളില്‍ സെന്റര്‍ ഡയറക്ടര്‍ സ്വയം തീരുമാനമെടുക്കരുതെന്നും ഇത് അന്തിമ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കൈമാറണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഐഎസ്ആര്‍ഒയുടെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ 1339 ജീവനക്കാരും വി.എസ്.എസ്.സിയില്‍ 4577 ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. ഈ കണക്കുകള്‍ പ്രകാരം ജീവനക്കാരില്‍ വളരെ കുറച്ച് ശതമാനം പേര്‍ മാത്രമാണ് രാജി വെക്കുന്നതും വിആര്‍എസിന് അപേക്ഷിക്കുന്നതും. എന്നാല്‍, ഗഗന്‍യാന്‍ പോലെയുള്ള സുപ്രധാന ദൗത്യങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നവരുടെ കൊഴിഞ്ഞുപോക്കാണ് ആശങ്കയുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഎസ്ആര്‍ഒയില്‍ നിന്ന് ഒട്ടേറെ ജീവനക്കാര്‍ ജോലിവിട്ട് പോകുന്നതായി ചെയര്‍മാന്‍ വി. നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്. ജോലിയില്‍ നിന്ന് പലരും പോകും. ഇത് ഓരോ സ്ഥാപനത്തിലും നടക്കുന്നതാണ്. ജോലിവിട്ട് പോകുന്നത് തടയാന്‍ മാത്രമല്ല പുതിയ നീക്കം. പെട്ടെന്നുള്ള കൊഴിഞ്ഞു പോക്ക് പ്രധാന പദ്ധതികളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണെന്നും അദേഹം പറഞ്ഞു.

സ്വകാര്യ മേഖലയിലെ അവസരങ്ങള്‍ മാത്രമല്ല നിലവിലെ കൊഴിഞ്ഞു പോക്കിന് കാരണമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. അതേസമയം, ഇതിന് മുന്‍പും ഇത്തരത്തില്‍ കൂട്ടരാജിയും വിആര്‍എസും ഐഎസ്ആര്‍ഒയില്‍ സംഭവിച്ചിട്ടുണ്ട്. 2004 നും 2007 നും ഇടയില്‍ സ്ഥാപനത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്തവരില്‍ പകുതിയോളം പേര്‍ ജോലി വിട്ടിരുന്നു. 2012 നും 2024 നും ഇടയില്‍ ഏകദേശം 700 ഓളം ജീവനക്കാര്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് രാജി വെച്ചതായാണ് കണക്ക്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.