2026 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 36 രാജ്യങ്ങളില്‍ 25 എണ്ണത്തിലും ആളുകള്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ ചൈനയെ അനുകൂലിക്കുന്നതായി കണ്ടെത്തി.
വാഷിങ്ടണ്‍: ആഗോള ജനപ്രീതിയില്‍ അമേരിക്കയെ മറികടന്ന് ചൈനയുടെ കുതിപ്പെന്ന് പഠന റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠനം റിപ്പോര്‍ട്ടിലാണ് അമേരിക്കയേക്കാള്‍ പോസിറ്റീവായി ചൈനയെ ലോകം വീക്ഷിക്കുന്നതായി വ്യക്തമാക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന നയം അമേരിക്കയുടെ ആഗോള പദവിക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് വിലയിരുത്തല്‍. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ നേതൃത്വത്തില്‍ കുതിക്കുന്ന ചൈനയ്ക്ക് പല രാജ്യങ്ങളില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങള്‍ ലഭിക്കുന്നതായി പുതിയ പഠനം കണ്ടെത്തി.
2026 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 36 രാജ്യങ്ങളിലായി 42,000 ത്തിലധികം ആളുകള്‍ക്കിടയിലാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 36 രാജ്യങ്ങളില്‍ 25 എണ്ണത്തിലും ആളുകള്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ ചൈനയെ അനുകൂലിക്കുന്നതായി കണ്ടെത്തി.
ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസവും സര്‍വേയില്‍ കണ്ടെത്തി. ഡൊണാള്‍ഡ് ട്രംപിനും ഷി ജിന്‍പിങിനും സര്‍വേയില്‍ പങ്കെടുത്തവര്‍ കുറഞ്ഞ മാര്‍ക്ക് മാത്രമാണ് നല്‍കിയത്. എന്നിരുന്നാലും ട്രംപിനേക്കാള്‍ കൂടുതല്‍ സ്‌കോര്‍ ഷി ജിന്‍ പിങ്ങ് നേടി എന്നതാണ് പ്രത്യേകത.
വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്ന കാര്യത്തില്‍ അമേരിക്ക ചൈനയേക്കാള്‍ മുന്നിലാണെന്നാണ് സര്‍വേയിലെ പൊതുവായ അഭിപ്രായം. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന കുറഞ്ഞ ഇടപെടല്‍ മാത്രമേ നടത്തുന്നുള്ളൂ എന്നും സര്‍വേ വിലയിരുത്തി.
ഇന്ത്യ, ഇസ്രയേല്‍, ജപ്പാന്‍, പോളണ്ട്, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ചൈനയേക്കാള്‍ കൂടുതല്‍ പോസിറ്റീവായി അമേരിക്കയെ കാണുന്നവരില്‍ മുന്‍പന്തിയിലുള്ളത്.
പ്യൂ റിസര്‍ച്ച് സെന്റര്‍ ആഗോള ജനവികാരം നിരീക്ഷിക്കാന്‍ തുടങ്ങിയ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് അമേരിക്കയേക്കാള്‍ കൂടുതല്‍ ജനപ്രീതി ചൈനയ്ക്ക് ലഭിക്കുന്നതെന്ന് പഠനത്തില്‍ പങ്കാളിയായ ഗ്ലോബല്‍ ആറ്റിറ്റിയൂഡ്‌സ് റിസര്‍ച്ചിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ലോറ സില്‍വര്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതും ലോകത്ത് സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ലെന്ന പൊതുവികാരവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. ഇതാണ് ഡൊണാള്‍ഡ് ട്രംപിലുള്ള ആളുകളുടെ ആത്മവിശ്വാസം കുറയാന്‍ കാരണമെന്ന് ലോറ സില്‍വര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.