ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപത്ര സേവനങ്ങള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയ നടപടി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സുതാര്യവും കൃത്യവുമായ വിചാരണ നടപടികള്‍ ഉറപ്പാക്കി മൂന്ന് മാസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
യുഎഇ, കുവൈറ്റ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നി നാല് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ സേവന ചുമതലകളുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. നേരത്തെ സേവന ചുമതലയുണ്ടായിരുന്ന ബിഎല്‍എസ് അടക്കമുള്ള കമ്പനികളുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഡൂ ഡിജിറ്റല്‍ എന്നി സ്ഥാപനങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയം പുതിയ ചുമതല നല്‍കിയിരുന്നത്.
എന്നാല്‍ സാങ്കേതിക മൂല്യനിര്‍ണയത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ടെന്‍ഡര്‍ നടപടികളില്‍ സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഇ-ട്രാവ് ടെക് അടക്കമുള്ള സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി മുന്‍പ് ഈ കരാറുകള്‍ റദ്ദാക്കിയത്. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചത്.
ടെന്‍ഡര്‍ നടപടികള്‍ പുനരാരംഭിക്കുമ്പോഴും പൂര്‍ത്തിയാകുന്നതുവരെയുള്ള ഇടക്കാലയളവില്‍ പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഒരു കാരണവശാലും തടസപ്പെടരുതെന്ന് സുപ്രീം കോടതി പ്രത്യേകം ഓര്‍മ്മിപ്പിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നത് വരെ മുന്‍പത്തെ സേവന ദാതാക്കളെയോ പുതിയ ടെന്‍ഡറില്‍ ഉള്‍പ്പെട്ട കമ്പനികളെയോ ഉപയോഗിച്ചോ അല്ലെങ്കില്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നേരിട്ടോ സേവനങ്ങള്‍ തുടരാവുന്നതാണ്.
അതേസമയം ഈ താല്‍കാലിക ചുമതല വഹിക്കുന്നത് വരാനിരിക്കുന്ന പുതിയ ടെന്‍ഡര്‍ നടപടികളില്‍ കമ്പനികള്‍ക്ക് അധിക യോഗ്യതയോ ആനുകൂല്യമോ ആയി അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബല്‍ കണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെച്ചിരുന്ന, സാഹചര്യത്തില്‍ പ്രവാസികള്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കാത്തലിക് കോണ്‍ഗ്രസ് ഓസ്ട്രേലിയ അടിയന്തര നിവേദനം നല്‍കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ സേവനങ്ങള്‍ തടസപ്പെട്ടതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയിലായിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴിയും കണ്‍സുലേറ്റുകള്‍ വഴിയും അടിയന്തര വിസ/പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി ബദല്‍ സംവിധാനങ്ങള്‍ എത്രയും വേഗം ഒരുക്കണമെന്ന് കാത്തലിക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സ്‌കൂള്‍ അവധിക്കാലമായതിനാല്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തിരുന്ന നിരവധി കുടുംബങ്ങള്‍ സേവനങ്ങള്‍ നിലച്ചതോടെ പ്രതിസന്ധിയില്‍ ആയിരുന്നു. മെഡിക്കല്‍ അത്യാവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പോലും രേഖകള്‍ പുതുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. കൂടാതെ പാസ്പോര്‍ട്ട് കാലാവധി തീരാറായവര്‍ക്ക് വിസാ സ്റ്റാറ്റസിനെ ബാധിക്കുന്ന നിയമപരമായ പ്രതിസന്ധികളും, ടിക്കറ്റ് ബുക്ക് ചെയ്തവരുടെ അപേക്ഷകള്‍ കുടുങ്ങിക്കിടക്കുന്ന സാമ്പത്തിക നഷ്ടവും പ്രവാസികള്‍ നേരിടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.