ലിവ്ഇന്‍ ബന്ധം റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തടവ് ശിക്ഷ: മധ്യപ്രദേശില്‍ ഏകവ്യക്തി നിയമ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

ലിവ്ഇന്‍ ബന്ധം റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തടവ് ശിക്ഷ: മധ്യപ്രദേശില്‍ ഏകവ്യക്തി നിയമ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

ഭോപാല്‍: സംസ്ഥാനത്ത് ഏകവ്യക്തിനിയമം (യു.സി.സി) നടപ്പാക്കുന്നതിനുള്ള കരട് ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബഹുഭാര്യത്വം, മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയ ആചാരങ്ങള്‍ നിരോധിക്കുന്നതിനൊപ്പം ലിവ്ഇന്‍ ബന്ധങ്ങള്‍ക്ക് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പുതിയ ബില്‍. നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് ബില്‍ സഭയുടെ മേശപ്പുറത്തുവച്ചത്.

മുഖ്യമന്ത്രി മോഹന്‍ യാദവിന്റെയും കുടുംബാംഗങ്ങളുടെയും ഭൂമി ഇടപാടുകളെച്ചൊല്ലി പ്രതിപക്ഷമായ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിലാണ് ബില്‍ അവതരണം നടന്നത്. സ്പീക്കര്‍ നരേന്ദ്രസിങ് തോമറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സഭയില്‍ ബില്ലിന്‍മേലുള്ള വിശദമായ ചര്‍ച്ച നടക്കും.

എല്ലാ വിഭാഗങ്ങള്‍ക്കും ഏക ഭാര്യത്വം നിര്‍ബന്ധമാക്കുന്ന ബില്‍, മതഭേദമന്യേ എല്ലാ വിവാഹങ്ങളും വിവാഹ മോചനങ്ങളും ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ലിവ്-ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഒരു മാസത്തിനകം അത് റജിസ്റ്റര്‍ ചെയ്യണം. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ റജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ പങ്കാളികള്‍ക്ക് മൂന്ന് മാസം വരെ തടവ്ശിക്ഷ ലഭിക്കാനിടയുണ്ട്. കൂടാതെ ലിവ്-ഇന്‍ ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായ എല്ലാ പദവികളും അവകാശങ്ങളും ലഭ്യമാക്കും. പങ്കാളി ബന്ധം വേര്‍പെടുത്തിയാല്‍ സ്ത്രീക്ക് ജീവനാംശം ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശവും ബില്‍ ഉറപ്പ് നല്‍കുന്നുണ്ട്.

വിവാഹം, ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം എന്നിവയിലൂടെ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും തുല്യ നിയമ പരിരക്ഷയും സ്വത്തവകാശവും പുതിയ നിയമം വഴി സാധ്യമാകും. എന്നാല്‍ സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗങ്ങളെ ബില്ലിന്റെ വ്യവസ്ഥകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കരട് ബില്‍ തയ്യാറാക്കിയത്.

ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നി സംസ്ഥാനങ്ങള്‍ തയാറാക്കിയ ഏക വ്യക്തിനിയമ മാതൃകകള്‍ വിശദമായി പഠിച്ച ശേഷമാണ് മധ്യപ്രദേശിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കരട് രൂപപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.