തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ മർദിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി. ഡിവൈഎസ്‌പി പി.വി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ പ്രതിഷേധം ഉയർത്തിയിരുന്നത്. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന ജയരാജൻ തങ്ങളെ മർദിച്ചു എന്നാണ് ഇവർ പരാതി നൽകിയിരുന്നത്.
2022 ജൂൺ 13 നായിരുന്നു കേസിനാസ്പദമായ വിവാദ സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
മുദ്രാവാക്യം വിളികളുമായി മുന്നോട്ടു നീങ്ങിയ പ്രവർത്തകരെ ഇ.പി ജയരാജൻ തള്ളിയിടുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടന്നെങ്കിലും മർദന പരാതിയിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വലിയതുറ പൊലീസ് കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ കോടതി കേസിൽ കൂടുതൽ വ്യക്തതയ്ക്കായി പുനരന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
അതിനിടെ സംഭവത്തെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് അദേഹം ഇൻഡിഗോ വിമാനത്തിലെ യാത്ര പൂർണമായി ബഹിഷ്കരിക്കുകയും ചെയ്തു. പിന്നീട് തീരുമാനം പിന്‍വലിക്കണമെന്ന് എയർലൈൻസ് അധികൃതര്‍ പല തവണ അഭ്യർത്ഥിച്ചെങ്കിലും അദേഹം വഴങ്ങിയിരുന്നില്ല.
ഒടുവിൽ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് ജയരാജൻ ഇൻഡിഗോ യാത്രാ ബഹിഷ്കരണം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.