ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി; ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാനെ തിരിച്ച് ജയിലിലാക്കി

ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി; ഇന്ന് പുലര്‍ച്ചെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാനെ തിരിച്ച് ജയിലിലാക്കി

സെപ്റ്റംബര്‍ 15 വരെ ഇമ്രാന്‍ ഖാന് ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സെപ്റ്റംബര്‍ 15 വരെ ഇമ്രാന്‍ ഖാന് ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍ അദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതായും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഇമ്രാന്‍ ഖാന്റെ പേരോ, ആശുപത്രിയുടെ പേരോ പാരാമര്‍ശിക്കാതെ പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താ ഉള്ള തരാര്‍ പറഞ്ഞു.

'സുപ്രീം കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ ഓഗസ്റ്റ് 20നും 21നും ഇടയിലുള്ള രാത്രിയില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ തടവുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു നേത്രരോഗ വിദഗ്ദ്ധന്‍, ഒരു കാര്‍ഡിയോളജിസ്റ്റ്, ഒരു ഫിസിഷ്യന്‍ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ വിശദമായി പരിശോധിക്കുകയും അദ്ദേഹം ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു'- അത്താ ഉള്ള തരാര്‍ എക്സില്‍ കുറിച്ചു.

ഇസ്ലമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഇമ്രാന്‍ ഖാനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ പോലീസ് അകമ്പടിയോടെ അദിയാല ജയിലിന്റെ ഒന്നാം നമ്പര്‍ ഗേറ്റില്‍ നിന്നാണ് ഇമ്രാനെ ഇസ്ലമാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

അഴിമതിക്കേസില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഇമ്രാന്‍ ഖാന്‍ 2023 ഓഗസ്റ്റ് അഞ്ചു മുതല്‍ ജയിലില്‍ കഴിയുകയാണ്. അതിനിടെ പലവട്ടം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി വാര്‍ത്തകള്‍ വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.