മാഡ്രിഡ്: സാങ്കേതികവിദ്യയും ദൈവവിശ്വാസവും സമന്വയിപ്പിച്ച് ആയിരത്തിലധികം ആളുകൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തി നൽകി ശ്രദ്ധേയനാകുകയാണ് സ്പെയിനിൽ നിന്നുള്ള ഒരു കത്തോലിക്കാ വൈദികൻ. ‘ഒപ്പൂസ് ദെയ്’ സമൂഹാംഗവും ഇബിസ സ്വദേശിയുമായ എഴുപതുകാരനായ ഫാ. ഫെർണാണ്ടോ ക്യൂവാസാണ് കഴിഞ്ഞ 15 വർഷത്തിനിടെ 1,280 പേർക്ക് വിവാഹ ജീവിതത്തിലേക്ക് വഴിതുറന്നുകൊടുത്തത്. കത്തോലിക്കാ യുവജനങ്ങൾക്ക് ഏറെ മാതൃകാപരവും അനുഗ്രഹപ്രദവുമായ ഒന്നായി ഈ ശുശ്രൂഷ മാറിവരികയാണ്.
ലളിതമായ ഒരു ചോദ്യവലിയും ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പും മാത്രമാണ് ഈ മനോഹരമായ ദൗത്യത്തിനായി ഫാ. ഫെർണാണ്ടോ ഉപയോഗിക്കുന്നത്. വാലൻസിയയിലെ രണ്ട് സ്കൂളുകളിലും യുവജന ക്ലബ്ബുകളിലും ചാപ്ലൈനായി സേവനം അനുഷ്ഠിക്കുന്ന അദ്ദേഹത്തെ തേടി പ്രതിദിനം ശരാശരി 60-ഓളം വാട്സാപ്പ് സന്ദേശങ്ങളാണ് എത്തുന്നത്.
തന്റെ മുന്നിലെത്തുന്ന അപേക്ഷകർക്കായി അദേഹം രണ്ട് പ്രധാന നിബന്ധനകൾ മാത്രമാണ് മുന്നോട്ടുവെക്കുന്നത്. അപേക്ഷകരുടെ പ്രായം 25 വയസിന് മുകളിലായിരിക്കണം എന്നും ഞായറാഴ്ചകളിലെങ്കിലും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരായിരിക്കണം എന്നുമാണ് അവ.
ഇതിനുപുറമേ അപേക്ഷകരുടെ പ്രായം, താമസ സ്ഥലം, സഭയോടുള്ള താൽപര്യം എന്നിവ ചോദിച്ചറിഞ്ഞ ശേഷം വിവരങ്ങൾ പരസ്പരം ഒത്തുനോക്കും. താമസിക്കുന്ന നഗരം, പങ്കാളികളുടെ പ്രായവ്യത്യാസം, ഉയരം എന്നിവ കണക്കിലെടുത്താണ് അദേഹം ചേർച്ചകൾ നിർദേശിക്കുന്നത്. ബാഹ്യ സൗന്ദര്യത്തേക്കാൾ ദൈവവിശ്വാസക്കാണ് ഇന്നത്തെ യുവജനങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ദൈവമാണ് യഥാർത്ഥത്തിൽ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതെന്ന ഉറച്ച വിശ്വാസമാണ് പല ദമ്പതികളെയും എളുപ്പത്തിൽ ഒന്നിപ്പിക്കാൻ സഹായിക്കുന്നതെന്ന് ഫാ. ഫെർണാണ്ടോ വ്യക്തമാക്കുന്നു. ഒരിക്കൽ അബദ്ധത്തിൽ നമ്പർ മാറി നൽകിയതിനെ തുടർന്ന് പരസ്പരം തെറ്റായ വ്യക്തികളെ വിളിച്ച അനുഭവവും വൈദികൻ പങ്കുവെച്ചു.
വിവരങ്ങൾ ഒത്തുപോയില്ലെങ്കിലും പിന്നീട് നേരിൽ കണ്ട് സംസാരിച്ച അവർ വിവാഹിതരാവുകയും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയും ചെയ്തു. ഇത് ഈ ശുശ്രൂഷയിലൂടെ ലഭിക്കുന്ന ദൈവപരിപാലനയുടെ വലിയൊരു ഉദാഹരണമാണെന്ന് പറയുന്നു.
ആദ്യകാലങ്ങളിൽ വാലൻസിയ രൂപതയിൽ മാത്രം ഒതുങ്ങിനിന്ന ഈ മാതൃകാപരമായ ശുശ്രൂഷ, ഇന്ന് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അർജന്റീന, മെക്സിക്കോ, കൊളംബിയ, പെറു തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുപോലും ഫാ. ഫെർണാണ്ടോയെ തേടി അപേക്ഷകൾ എത്തുന്നുണ്ട്.
വിദേശത്തു നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ഫാദർ വിസെന്റെ ഹുഎർട്ട എന്ന മറ്റൊരു വൈദികന്റെ സഹായവും ഇദേഹത്തിനുണ്ട്. വിവാഹം പോലും വേണ്ട എന്ന് പല യുവജനങ്ങളും ചിന്തിക്കുന്ന ഇക്കാലത്ത്, ദൈവത്തെ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു പ്രത്യാശയാണ് ഈ വൈദികന്റെ സേവനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.