കനത്ത മഴ: വയനാടും കോഴിക്കോടും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

കനത്ത മഴ: വയനാടും കോഴിക്കോടും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം തുടങ്ങി അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് രണ്ടിന് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാരാണ് ദുരന്തനിവാരണ നിയമപ്രകാരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

വയനാട് ജില്ലയില്‍ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തിദിനമല്ലെന്ന് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ആവശ്യമെങ്കില്‍ അവധി നല്‍കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അവധി തുടരും.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ക്കും പരിശീലനങ്ങള്‍ക്കും പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് തടസമില്ല. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനവും ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും കാലാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ പരീക്ഷകള്‍ തടസപ്പെടാത്ത രീതിയില്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലും ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശമുണ്ട്. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.