'മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം; വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം': മുഖ്യമന്ത്രി

'മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം; വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം': മുഖ്യമന്ത്രി

തിരുവനന്തപുരം: കാവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി സതീശന്‍. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇടുക്കിയില്‍ രണ്ടു പേരും കൊല്ലത്ത് രണ്ടു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തരും മഴക്കെടുതിയില്‍ മരിച്ചു. ഇതിനു പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാണാതായവര്‍ക്കായി വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളും എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും സജ്ജമാണ്. പത്തനംതിട്ടയില്‍ ഒരു ടീമിനെയും കോട്ടയത്ത് രണ്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആരക്കോണത്തുനിന്ന് രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്റര്‍ വഴി ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ മഴയിലും പ്രകൃതി ക്ഷോഭത്തിലും ഇരയായവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പുതിയ ധനസഹായ പാക്കേജുകള്‍ പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇതില്‍ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും, രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും, ബാക്കി രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി 3,800 രൂപ വീതം നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാരണം വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായധനത്തില്‍ സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തി. നേരത്തെ ഇത്തരം കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന 10 ലക്ഷം രൂപ എന്നത് ഇപ്പോള്‍ 12 ലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിനായി നല്‍കിയിരുന്ന തുക നാലു ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ് കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തുകയില്‍ വര്‍ദ്ധനവ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കും പ്രത്യേക സഹായങ്ങള്‍ നല്‍കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു കാര്‍ഡിലെ രണ്ടുപേര്‍ വീതം പ്രതിദിനം 300 രൂപ എന്ന നിലയില്‍ ധനസഹായം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

നിലവില്‍ രണ്ടര ഏക്കര്‍ നെല്‍കൃഷി നശിച്ചാല്‍ ലഭിക്കുന്ന 13,500 രൂപ എന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ഇത് വര്‍ദ്ധിപ്പിക്കാന്‍ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിലവില്‍ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് കുറവാണെന്നും അതിനാല്‍ വ്യാജ പ്രചരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, കൃത്യമായ വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദേശിച്ചു.

ഇടുക്കി (38.91%), ഇടമലയാര്‍ (46.64%), ബാണാസുര സാഗര്‍ (52.9%) തുടങ്ങിയ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് നിലവില്‍ വളരെ താഴ്ന്നനിലയിലാണ്. ചെറിയ അണക്കെട്ടുകളുടെ കാര്യത്തില്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും ദിവസേന രണ്ട് തവണ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ അംഗീകാരത്തോടുകൂടി മാത്രമേ ഷട്ടറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. ഇത് ഏകദേശം 3,596 കര്‍ഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടര്‍മാരുമായി നിരന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.