ഡിപിആര്‍ സമര്‍പ്പിച്ചില്ല; കേരളത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയായി വികസിപ്പിക്കണമെന്ന ആവശ്യത്തിന് ഉറപ്പു നല്‍കാനാകില്ലെന്ന് കേന്ദ്രം

ഡിപിആര്‍ സമര്‍പ്പിച്ചില്ല; കേരളത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയായി വികസിപ്പിക്കണമെന്ന ആവശ്യത്തിന് ഉറപ്പു നല്‍കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് കേരളത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയായി വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ സമര്‍പ്പിച്ച നിവേദനം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയെ അറിയിച്ചു.

എന്നാല്‍, നിര്‍ദ്ദിഷ്ട പദ്ധതികളുമായി ബന്ധപ്പെട്ട് സാധ്യതാ പഠന റിപ്പോര്‍ട്ടുകളോ വിശദമായ പദ്ധതി അവലോകന രേഖയോ (ഡിപിആര്‍) സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിലോ സമയപരിധി നിശ്ചയിക്കുന്നതിലോ ഈ ഘട്ടത്തില്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന്റെ അവസാന ഘട്ട റെയില്‍ കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, സീഫുഡ് പ്രോസസിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി പ്രധാനമന്ത്രി ഗതിശക്തി, സാഗര്‍മാല, നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസി, ബ്ലൂ ഇക്കോണമി, മാരിടൈം അമൃത് കാല്‍ വിഷന്‍ 2047 എന്നീ പദ്ധതികള്‍ക്ക് കീഴില്‍ പിന്തുണ വേണമെന്നാണ് സംസ്ഥാനം സമര്‍പ്പിച്ച നിവേദനത്തിലുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ സഹായത്തിന് പുറമെ, ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെ സാമ്പത്തിക, നയപരമായ പിന്തുണയും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കൊച്ചി തുറമുഖം, ദേശീയ ജലപാത-3, കേരളത്തിലെ മറ്റ് ചെറു തുറമുഖങ്ങള്‍, സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ദേശീയ റോഡ്-റെയില്‍ ശൃംഖല എന്നിവയുമായി സംയോജിപ്പിച്ച് ഏകോപിപ്പിച്ച മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് ശൃംഖല സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഒരു പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത വിലയിരുത്തുന്നതിനും ഉന്നതതല അംഗീകാരം നല്‍കുന്നതിനും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് കേന്ദ്ര മന്ത്രി വിശദീകരിച്ചു. കൃത്യമായ പഠന റിപ്പോര്‍ട്ടുകള്‍ ഇല്ലാത്തതിനാല്‍ പദ്ധതിക്ക് നിലവില്‍ തുക വകയിരുത്താനോ പൂര്‍ത്തീകരണ സമയപരിധി പ്രഖ്യാപിക്കാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.