'ഗെറ്റ് റെഡി വിത്ത് മി' വീണ്ടും ട്രെന്‍ഡുമായി ഇന്‍സ്റ്റഗ്രാമില്‍ മോഡി; കൈത്തറി ദിനം ജനകീയമാക്കാന്‍ പുതിയ ചലഞ്ചുമായി പ്രധാനമന്ത്രി

'ഗെറ്റ് റെഡി വിത്ത് മി' വീണ്ടും ട്രെന്‍ഡുമായി ഇന്‍സ്റ്റഗ്രാമില്‍ മോഡി; കൈത്തറി ദിനം ജനകീയമാക്കാന്‍ പുതിയ ചലഞ്ചുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ ട്രെന്‍ഡുകള്‍ സമര്‍ഥമായി ഉപയോഗിച്ച് യുവതലമുറയിലേക്ക് സന്ദേശങ്ങളെത്തിക്കുന്ന തന്ത്രം വീണ്ടും പുറത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓഗസ്റ്റ് ഏഴിന് ആഘോഷിക്കുന്ന ദേശീയ കൈത്തറി ദിനം സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാന്‍ 'ഗെറ്റ് റെഡി വിത്ത് മി' ചലഞ്ചുമായിട്ടാണ് മോഡി ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞ് ഹ്രസ്വ വീഡിയോകള്‍ നിര്‍മിച്ച് പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോട് അഭ്യര്‍ഥിച്ചു. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ച അതേ തരംഗത്തോടും ആവേശത്തോടും കൂടി കൈത്തറി ദിനവും നാടൊട്ടാകെ ഏറ്റെടുക്കണമെന്ന് മോഡി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ ധരിച്ച് വീഡിയോകള്‍ തയാറാക്കി #NationalHandloomDay എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യുന്നതിലൂടെ ഇന്ത്യന്‍ നെയ്ത്ത് പാരമ്പര്യത്തിന്റെ പദവിയും വൈവിധ്യവും ആഗോളതലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്ന് അദേഹം വ്യക്തമാക്കി.

1905 ഓഗസ്റ്റ് ഏഴിന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ സ്വദേശി പ്രസ്ഥാനത്തിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിനത്തില്‍ സ്വദേശി ഉല്‍പ്പന്നങ്ങളോടുള്ള ആദരവ് പ്രകടമാക്കണമെന്നും മോഡി ചൂണ്ടിക്കാട്ടി. കൈത്തറി വസ്ത്രങ്ങള്‍ ചടങ്ങുകള്‍ക്ക് മാത്രമുള്ള പ്രതീകാത്മക വേഷമല്ലെന്നും അവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഓരോ കൈത്തറി വസ്ത്രത്തിനും പിന്നില്‍ സാധാരണക്കാരായ അനേകം നെയ്ത്തുതൊഴിലാളികളുടെ അധ്വാനവും വൈദഗ്ധ്യവുമുണ്ട്.

കൈത്തറി ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് വഴി 'വോക്കല്‍ ഫോര്‍ ലോക്കല്‍' ആശയം കൂടുതല്‍ ശക്തമാകുകയും നെയ്ത്ത് കുടുംബങ്ങള്‍ക്ക് അത് നേരിട്ട് സാമ്പത്തിക താങ്ങാവുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.