അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് താനെന്ന് അമീറ ഐഷാ ബീഗം; മുന്‍ കായിക മന്ത്രിയുടെ സ്‌പെയിന്‍ യാത്ര വിവാദത്തില്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് താനെന്ന് അമീറ ഐഷാ ബീഗം; മുന്‍ കായിക മന്ത്രിയുടെ സ്‌പെയിന്‍ യാത്ര വിവാദത്തില്‍

പൊന്നാനി: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ വിവാദമായ സ്‌പെയിന്‍ യാത്രയ്ക്കിടെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് താനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പൊന്നാനി എം.ഇ.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അമീറ ഐഷാ ബീഗം രംഗത്ത്. മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എ.എഫ്.എ ഭാരവാഹികള്‍ക്ക് അയച്ച ഇ-മെയിലുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് അമീറ ഐഷാ ബീഗം ഇക്കാര്യം സ്ഥിരീകരിച്ചത്.

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, മാര്‍ക്കറ്റിങ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ എന്നിവരുമായാണ് താന്‍ ബന്ധപ്പെട്ടിരുന്നതെന്ന് ഇവര്‍ പറഞ്ഞു. മന്ത്രിക്കുവേണ്ടി ഇ-മെയിലുകള്‍ തയ്യാറാക്കി നല്‍കിയത് താനാണെന്നും ഫുട്‌ബോളിനോടുള്ള താല്‍പര്യം കാരണം പ്രതിഫലമെന്നുമില്ലാതെയാണ് ഈ ദൗത്യം ഏറ്റെടുത്തതെന്നും അമീറ വ്യക്തമാക്കി. ഭര്‍ത്താവിന്റെ സുഹൃത്ത് വഴിയാണ് മുന്‍ മന്ത്രിയെ പരിചയപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024 സെപ്റ്റംബര്‍ ആറിനാണ് വി. അബ്ദുറഹ്മാന്‍, അന്നത്തെ കായിക സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടര്‍ വിഷ്ണുരാജ് എന്നിവരടങ്ങുന്ന സംഘം സ്‌പെയിന്‍ സന്ദര്‍ശനം നടത്തിയത്. മഡ്രിഡില്‍ വെച്ച് എ.എഫ്.എ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ ഉടന്‍ കേരളം സന്ദര്‍ശിച്ച് ഫുട്ബോള്‍ അക്കാഡമികള്‍ സ്ഥാപിക്കുമെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കേരള സന്ദര്‍ശനത്തെക്കുറിച്ചോ മത്സരങ്ങളെക്കുറിച്ചോ അര്‍ജന്റീന അധികൃതര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്ന് ആരോപണം ഉയരുകയായിരുന്നു.

സംസ്ഥാന കായിക വികസന നിധിയില്‍ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ യാത്ര സംഘടിപ്പിച്ചത്. ഖജനാവിന് ഭാരമായി മാറിയ സന്ദര്‍ശനത്തെച്ചൊല്ലി നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അധ്യാപികയുടെ പുതിയ വെളിപ്പെടുത്തലോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും വരും ദിവസങ്ങളില്‍ ശക്തമായ രാഷ്ട്രീയ ചര്‍ച്ചകളും പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.