രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; പെല്ലറ്റ് പ്രയോഗത്തില്‍ കേസെടുത്തു

രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; പെല്ലറ്റ് പ്രയോഗത്തില്‍ കേസെടുത്തു

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ ഡല്‍ഹി പൊലീസ് വഴങ്ങി. ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവിലാണ് പൊലീസിന് നടപടിയെടുക്കേണ്ടി വന്നത്.

പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയുമായിട്ടാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. നേരത്തെ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും മന്ദിര്‍ മാര്‍ഗ് പൊലീസും തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസും കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെ കേസെടുക്കാതെ ഒരടി മുന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് പിന്തുണയുമായി എത്തിയതോടെ പൊലീസ് സ്റ്റേഷന്‍ പരിസരം പ്രതിഷേധക്കടലായി മാറി. ഡിസിപിയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടും നിലപാടില്‍ ഉറച്ച് നിന്ന രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരത്തിനൊടുവിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായത്.

ജന്തര്‍മന്തറിലെ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് നടത്തിയ അമിത ബലപ്രയോഗത്തിനെതിരെയും പെല്ലറ്റ് പ്രയോഗത്തിനെതിരെയും സഭയ്ക്കകത്തും പുറത്തും പോരാട്ടം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.