മുംബൈ: മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുതിയ മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ, പ്രാർത്ഥനാ കൂട്ടായ്മകളുടെ സുഗമമായ നടത്തിപ്പിനായി കരുതൽ നടപടികളുമായി മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ പ്രൊട്ടസ്റ്റന്റ് സഭകൾ. നിയമത്തിന്റെ ദുരുപയോഗം മൂലം പ്രാർത്ഥനകൾ തടസ്സപ്പെടാതിരിക്കാനും വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പാസ്റ്റർമാരും സഭാ ഭാരവാഹികളും പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
വസി, വിരാർ, മീരാ-ഭയന്ദർ, താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാർത്ഥനാ ഹാളുകളിൽ എത്തുന്ന വിശ്വാസികൾക്കായി പ്രത്യേക 'സ്വയം സാക്ഷ്യപത്ര' ഫോം അവതരിപ്പിച്ചിട്ടുണ്ട്. തങ്ങൾ യാതൊരുവിധ സമ്മർദങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വിധേയരാകാതെ, സ്വന്തം താല്പര്യപ്രകാരമാണ് പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫോം. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ അല്ലെങ്കിൽ പാൻ കാർഡിന്റെ പകർപ്പും സഹിതമാണ് വിശ്വാസികൾ ഈ ഫോമിൽ ഒപ്പിട്ടു നൽകേണ്ടത്.
വ്യാജ ആരോപണങ്ങളിൽ നിന്നും നിയമപരമായ പൊരുത്തക്കേടുകളിൽ നിന്നും സഭകളെയും വിശ്വാസികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുൻകരുതൽ. സംസ്ഥാനത്ത് നിയമം പ്രാബല്യത്തിൽ വരുന്നതോടെ വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ദൈവ ആശ്രയത്തോടൊപ്പം തന്നെ നിയമപരമായ ജാഗ്രതയും അത്യാവശ്യമാണെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായ പ്രാർത്ഥനാ സ്വാതന്ത്ര്യം ഉറപ്പാക്കാൻ എല്ലാ വിശ്വാസികളും സഭാ ഭാരവാഹികളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.