നാരങ്ങ മുറിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ മഴ മാറിയെന്ന് ബിജെപി എംപി; എങ്കില്‍ വിലക്കയറ്റം കുറയ്ക്കാന്‍ ഒരു നാരങ്ങ കൂടി മുറിക്കൂവെന്ന് കോണ്‍ഗ്രസ്

നാരങ്ങ മുറിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ മഴ മാറിയെന്ന് ബിജെപി എംപി; എങ്കില്‍ വിലക്കയറ്റം കുറയ്ക്കാന്‍ ഒരു നാരങ്ങ കൂടി മുറിക്കൂവെന്ന് കോണ്‍ഗ്രസ്

റായ്പൂര്‍: നാരങ്ങ മുറിച്ച് മഴ നിര്‍ത്തിയെന്ന ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ്.

'മുഖ്യമന്ത്രി സന്ദര്‍ശനം നടത്താനിരിക്കെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ മഹാദേവനെ വിളിച്ച് പ്രാര്‍ത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു. അതോടെ മഴ നിന്നു' എന്നാണ് ഛത്തീസ്ഗഡിലെ കാങ്കറില്‍ നിന്നുള്ള ബിജെപി എംപി ഭോജ്രാജ് നാഗ് പറഞ്ഞത്.

പൊതുവേദിയില്‍ മന്ത്രവാദ രീതികളെക്കുറിച്ച് ഇടയ്ക്കിടെ പ്രസ്താവന നടത്തുന്ന ഭോജ്രാജ്, ബലോദ് ജില്ലയില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത പരിപാടിയിലാണ് പുതിയ അവകാശവാദമുന്നയിച്ചത്. ഇത് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

ചടങ്ങ് തടസമില്ലാതെ നടക്കാനായാണ് താന്‍ നാരങ്ങ മുറിക്കല്‍ വിദ്യ പ്രയോഗിച്ചതെന്നും ചടങ്ങ് വിജയകരമായി കഴിഞ്ഞ സ്ഥിതിക്ക് ഇനി മഴ പെയ്യണമെങ്കില്‍ പെയ്യട്ടെയെന്നും എംപി സദസിനോട് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വൈറലായതോടെ വന്‍ പരിഹാസങ്ങള്‍ക്ക് വഴിവച്ചു.

ഇതോടെ, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. അന്ധവിശ്വാസവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ് ഭോജ്രാജ് നാഗ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'നാരങ്ങ മുറിച്ചാല്‍ മഴ നിര്‍ത്താന്‍ സാധിക്കുമെങ്കില്‍, പഞ്ചസാര വിലയും വിലക്കയറ്റവും കുറയ്ക്കാന്‍ വേണ്ടി അദ്ദേഹം ഒരു നാരങ്ങ മുറിക്കട്ടെ' എന്നും ബൈജ് പരിഹസിച്ചു. സോഷ്യല്‍ മീഡിയയിലും ഭോജ്രാജ് നാഗിന്റെ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് പരിഹസിച്ചുകൊണ്ട് കമന്റിട്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.