പാക് ചാര സംഘടനയ്ക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: ഡല്‍ഹിയില്‍ ദമ്പതിമാര്‍ അറസ്റ്റില്‍; വിറ്റത് ഇന്ത്യന്‍ സിംകാര്‍ഡുകളും കോര്‍ട്ട് മാര്‍ഷല്‍ രേഖകളും

 പാക് ചാര സംഘടനയ്ക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: ഡല്‍ഹിയില്‍ ദമ്പതിമാര്‍ അറസ്റ്റില്‍; വിറ്റത് ഇന്ത്യന്‍ സിംകാര്‍ഡുകളും കോര്‍ട്ട് മാര്‍ഷല്‍ രേഖകളും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളും പ്രതിരോധ സ്ഥാപനങ്ങളുടെ വിവരങ്ങളും പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് ചോര്‍ത്തി നല്‍കിയ യുവ ദമ്പതികളെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹി സരായ് കലേ ഖാനില്‍ താമസിക്കുന്ന സാഹില്‍ (25), ഭാര്യ സമീറ (21) എന്നിവരാണ് രാജ്യ സുരക്ഷയെ തകിടം മറിക്കുന്ന ചാരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെ പിടിയിലായത്.

2024 മുതല്‍ പാക് ചാരശൃംഖലയുടെ പ്രധാന കണ്ണികളായി പ്രവര്‍ത്തിച്ച ഇവര്‍ പണത്തിന് വേണ്ടിയാണ് രാജ്യത്തെ വഞ്ചിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പാക് ഏജന്റുമാരുമായി ബന്ധപ്പെടുന്നത്. 2022 ല്‍ സമീറ തുടക്കമിട്ട ഈ ബന്ധം 2024 ഓടെ സാഹില്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പാക് ഇന്റലിജന്‍സ് ഏജന്‍സികളുമായി നേരിട്ട് ബന്ധം സ്ഥാപിച്ച ദമ്പതിമാര്‍ക്ക്, കന്റോണ്‍മെന്റ് മേഖലകളില്‍ നിരീക്ഷണം നടത്താനും ചാരവൃത്തിക്കായി പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാനുമുള്ള ചുമതല ലഭിച്ചു. കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ നേരിടുന്ന ഇന്ത്യന്‍ സൈനികരെക്കുറിച്ചുള്ള വിവരങ്ങളും പ്രതിരോധ നീക്കങ്ങളും സാഹില്‍ പാകിസ്ഥാന് കൈമാറിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.


ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകള്‍ക്കും പാക് ഏജന്റുമാര്‍ക്കും എന്‍ക്രിപ്റ്റഡ് ആശയ വിനിമയം നടത്താനായി വ്യാജ രേഖകള്‍ ഉപയോഗിച്ച് എട്ടോളം ഇന്ത്യന്‍ സിംകാര്‍ഡുകള്‍ ഇവര്‍ സംഘടിപ്പിച്ച് നല്‍കി. ദുബായ് വഴിയാണ് ഈ സിംകാര്‍ഡുകള്‍ പാകിസ്ഥാനിലേക്ക് കടത്തിയത്. പാക് ഏജന്റുമാര്‍ ഈ സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വാട്സാപ്പ് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് രാജ്യത്തിനുള്ളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. സിംകാര്‍ഡുകള്‍ കൈമാറിയതിന് പ്രതിഫലമായി 30,000 രൂപയാണ് ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ലഭിച്ചതായി കണ്ടെത്തിയത്.

സാഹിലിനെ ആദ്യം കസ്റ്റഡിയിലെടുത്ത് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് ഞെട്ടിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്ത് വന്നത്. ഫോണിലെ സന്ദേശങ്ങളും രേഖകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സമീറയുടെ സജീവ പങ്കാളിത്തവും തെളിഞ്ഞു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ബിരുദധാരിയായ സാഹില്‍ തൊഴിലില്ലാതെ കഴിയുകയായിരുന്നു. സമീറ നോയ്ഡയിലെ സ്വകാര്യ കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്.

സംഭവത്തിന് പിന്നില്‍ വലിയൊരു ചാരശൃംഖല തന്നെയുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.