ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത മന്ത്രി

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവം അതീവ വേദനജനകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറി ടി.വി അനുപമയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എംവിഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും ഫേസ്ബുക്ക് കുറിപ്പും പരിശോധിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം കീഴിശേരി മുണ്ടംപറമ്പ് സ്വദേശിയായ ഷൗക്കത്ത് മോട്ടോര്‍ വാഹന വകുപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ജീവനൊടുക്കിയത്. ഏജന്റ് വഴി പോകാതെ നേരിട്ട് സമീപിച്ചതിനാലും കൈക്കൂലി നല്‍കാത്തതിനാലും എംവിഡി ഉദ്യോഗസ്ഥര്‍ നിരന്തരം ഫിറ്റ്നസ് തടഞ്ഞുവെച്ച് തന്റെ ജീവിത മാര്‍ഗം തകര്‍ത്തതായി അദേഹം ആരോപിച്ചിരുന്നു. വാഹനത്തില്‍ സ്റ്റീല്‍ വര്‍ക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് നിഷേധിച്ചത്. കഴിഞ്ഞ പത്ത് മാസമായി ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും ഇതിന് കാരണക്കാരായ സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വ്യക്തമാക്കിയ ഷൗക്കത്ത്, വിഷയത്തില്‍ ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന് തന്റെ അവസാന കുറിപ്പില്‍ അഭ്യര്‍ഥിച്ചിരുന്നു.


അതേസമയം വാഹനത്തില്‍ വരുത്തിയ അനധികൃത മാറ്റങ്ങളും സുരക്ഷാ വീഴ്ചകളുമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ കാരണമായതെന്നാണ് ഗതാഗത കമ്മീഷണര്‍ മന്ത്രിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2025 നവംബര്‍ 11 ലെ പരിശോധനയ്ക്ക് ശേഷം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടും ആര്‍ടി ഓഫീസില്‍ എത്തിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനൊപ്പം പൊലീസിന്റെ സമാന്തര അന്വേഷണവും പുരോഗമിക്കുകയാണ്.

ആരോപണവിധേയനായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംകുമാറിനെ 2026 മാര്‍ച്ച് 16 ന് രാമനാട്ടുകര സബ് ആര്‍ടിഒയിലേക്ക് സ്ഥലം മാറ്റിയിരുന്നതായും കമ്മീഷണറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓട്ടോ ഡ്രൈവറുടെ ദാരുണമായ വേര്‍പാടില്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ജനരോഷം ശക്തമാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.