നേപ്പാള്‍ പ്രളയ ദുരന്തത്തില്‍ മരണസംഖ്യ 270 കടന്നു; 33 മലയാളികളെപ്പറ്റി വിവരങ്ങളില്ല: 288 ഇന്ത്യക്കാരെ കാണാനില്ല

നേപ്പാള്‍ പ്രളയ ദുരന്തത്തില്‍ മരണസംഖ്യ 270 കടന്നു; 33 മലയാളികളെപ്പറ്റി വിവരങ്ങളില്ല: 288 ഇന്ത്യക്കാരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 270 കടന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ കേരളത്തില്‍നിന്നുള്ളവരുള്‍പ്പെടെ 288 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ട്.

നേപ്പാളിലുണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള 33 പേരേപ്പറ്റി വിവരങ്ങളില്ല. കാണാതായവരില്‍ തമിഴ്നാട്ടില്‍നിന്നുള്ള 86 പേരും പശ്ചിമ ബംഗാളില്‍നിന്നുള്ള 32 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നായി 61 പേരുമാണ് ഉള്ളത്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയ 21 ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്.

തീര്‍ഥാടനത്തിന്റെ ഭാഗമായി ചൈനീസ് അതിര്‍ത്തിയില്‍ നിലവില്‍ ഇരുനൂറോളം ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബീജിങ്ങിലെ ഇന്ത്യന്‍ എംബസി ചൈനീസ് അധികൃതരുമായി ചേര്‍ന്ന് ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്നവരില്‍ 95 പേര്‍ ദാര്‍ച്ചനിലും ബാക്കിയുള്ളവര്‍ ജിലോങ് മേഖലയിലുമാണുള്ളത്. ഇതിനുപുറമെ, ഇഷ ഫൗണ്ടേഷനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം ആളുകളുമായി നിലവില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കായി പ്രാദേശിക അധികൃതരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.

നേപ്പാളിലെ പ്രളയബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കാഠ്മണ്ഡുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വ്യോമസേനയുടെ സി-130ജെ, സി-17 എന്നീ വിമാനങ്ങളിലായി ആകെ 47.5 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ ഇതിനോടകം അയച്ചിട്ടുള്ളത്.

താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, കമ്പിളികള്‍, ജനറേറ്ററുകള്‍, മരുന്നുകള്‍, ആഹാരസാധനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദുരന്തബാധിത മേഖലകളിലുള്ളവരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് ഇന്ത്യന്‍ എംബസികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.