കാനഡയിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ദേവാലയം തീവെച്ച് നശിപ്പിച്ചു; 68-കാരൻ അറസ്റ്റിൽ

കാനഡയിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ദേവാലയം തീവെച്ച് നശിപ്പിച്ചു; 68-കാരൻ അറസ്റ്റിൽ

ഒട്ടാവ: കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ നൂറിലധികം വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കത്തോലിക്ക ദേവാലയം ആസൂത്രിതമായി തീവെച്ച് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സെന്റ് സൈമൺ സ്വദേശിയായ ഗില്‍സ് മാലെറ്റ് (68) എന്നയാളെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 24 തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പള്ളിയിൽ വൻ തീപിടിത്തമുണ്ടായത്. തടിയിൽ നിർമ്മിച്ച പ്രൗഢഗംഭീരമായ ദേവാലയ നിർമ്മിതിയായതിനാൽ തീ നിമിഷങ്ങൾക്കകം പടർന്നുപിടിക്കുകയും പൂർണ്ണമായി കത്തിനശിക്കുകയും ചെയ്യുകയായിരുന്നു. പള്ളിക്കുള്ളിൽ ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായത് ആശ്വാസമായി.

തീപിടിത്തം സ്വാഭാവികമല്ലെന്നും ബോധപൂർവ്വം തീയിട്ടതാണെന്നും അഗ്നിരക്ഷാസേനയുടെ അന്വേഷണത്തിൽ വ്യക്തമായി. തുടർന്നുള്ള ഊർജിത അന്വേഷണത്തിലാണ് പ്രതിയെ പെട്ടെന്ന് തന്നെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞത്.

"നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തലമുറകളുടെ ജ്ഞാനസ്നാനത്തിനും വിവാഹങ്ങൾക്കും വിടവാങ്ങലുകൾക്കും സാക്ഷ്യം വഹിച്ച ഈ ദേവാലയം കൂട്ടായ്മയുടെ ഹൃദയമായിരുന്നു," - ബാത്തുർസ്റ്റ് ബിഷപ്പ് മൈക്കിൾ പ്രോളക്സ് പ്രതികരിച്ചു.

1910 ൽ സ്ഥാപിക്കപ്പെട്ട ഈ ദേവാലയം ഈ മേഖലയിലെ ഏറ്റവും വലിയ മരം കൊണ്ട് നിർമ്മിച്ച പള്ളികളിലൊന്നായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രവും ഓർമ്മകളും പേറുന്ന പള്ളി പൂർണമായി ചാരമായത് പ്രാദേശിക കത്തോലിക്ക സമൂഹത്തിനിടയിൽ വലിയ ദുഖത്തിനാണ് കാരണമായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.