മിന്നല്‍ പ്രളയം: നേപ്പാളില്‍ മരണസംഖ്യ 350 കടന്നു; 33 മലയാളികളുള്‍പ്പെടെ 288 ഇന്ത്യക്കാര്‍ കാണാമറയത്ത്, അതിര്‍ത്തിയില്‍ പുതിയ തടാക ഭീഷണിയും

മിന്നല്‍ പ്രളയം: നേപ്പാളില്‍ മരണസംഖ്യ 350 കടന്നു; 33 മലയാളികളുള്‍പ്പെടെ 288 ഇന്ത്യക്കാര്‍ കാണാമറയത്ത്, അതിര്‍ത്തിയില്‍ പുതിയ തടാക ഭീഷണിയും

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ നാശനഷ്ടം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 350 കടന്നു. ദുരന്ത മേഖലയില്‍ നിന്നും 33 മലയാളികള്‍ അടക്കം 288 ഇന്ത്യന്‍ പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള 85 പേരെയും പശ്ചിമ ബംഗാളില്‍ നിന്നുള്ള 32 പേരെയും കുറിച്ചും നിലവില്‍ വിവരങ്ങളൊന്നുമില്ല. കാണാതായവരില്‍ ഒരു വിഭാഗം ത്രിശൂലി -1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരും മറ്റുള്ളവര്‍ കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിനെത്തിയവരുമാണ്.

33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളടക്കം 650 ഓളം പേരെ കാണാതായെന്നാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലാങ്താങ് ലിറുങ് പര്‍വത നിരയില്‍ 5200 മീറ്റര്‍ ഉയരത്തില്‍ നിന്ന് കൂറ്റന്‍ ഹിമപാളി ഭോട്ടേകോശിയുടെ പോഷക നദിയായ ലെന്‍ഡെയിലേക്ക് പതിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. തുടര്‍ന്ന് നദിയിലുണ്ടായ സ്വാഭാവിക അണക്കെട്ട് പെട്ടെന്ന് തകര്‍ന്ന് സെക്കന്‍ഡില്‍ 5850 ഘനമീറ്റര്‍ നിരക്കില്‍ ചെളിയും പാറക്കല്ലുകളും നിറഞ്ഞ ജലപ്രവാഹം താഴേക്ക് കുതിച്ചെത്തുകയായിരുന്നു. ഇതോടൊപ്പം ടിബറ്റ് മേഖലയില്‍ ഉണ്ടായ വലിയ ഉരുള്‍പൊട്ടലും നാശനഷ്ടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. രാസുവ, നുവാകോട്ട്, ധാഡിങ്, ഗോര്‍ഖ എന്നി ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്.

അതിനിടെ ചൈനയിലെ ചോച്ചന്‍ ഖോള, പുരേപു സാങ്പോ നദികളുടെ സംഗമ സ്ഥാനത്ത് പുതുതായി രൂപപ്പെട്ട തടാകം ഏത് നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ 20 ലക്ഷം ഘനമീറ്റര്‍ വെള്ളമുള്ള ഈ തടാകത്തിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ വെള്ളമെത്തുന്നതോടെ ഇത് കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ജലവിഭവ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി ഭോട്ടേകോശി, ത്രിശൂലി, നാരായണി നദികളുടെ തീരത്തുള്ളവര്‍ക്ക് നേപ്പാള്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തില്‍ കാഠ്മണ്ഡുവിലെയും ബീജിങിലെയും അംബാസിഡര്‍മാരെ ഉള്‍പ്പെടുത്തി ഉന്നതതല യോഗം ചേര്‍ന്ന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അവലോകനം ചെയ്തു. അടിയന്തര സഹായങ്ങള്‍ക്കായി 1234 എന്ന ടോള്‍ ഫ്രീ നമ്പറും 1144 എന്ന ഹോട്ട്ലൈന്‍ നമ്പറും നേപ്പാള്‍ ടൂറിസം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.