സുകുമാരക്കുറുപ്പ് ജീവനോടെയോ? ബ്രൂണെ ബന്ധം തള്ളി കേരള പൊലീസ്; ദൃശ്യങ്ങളിലുള്ളത് തൃശൂര്‍ സ്വദേശിയെന്ന് സംശയം

സുകുമാരക്കുറുപ്പ് ജീവനോടെയോ? ബ്രൂണെ ബന്ധം തള്ളി കേരള പൊലീസ്; ദൃശ്യങ്ങളിലുള്ളത് തൃശൂര്‍ സ്വദേശിയെന്ന് സംശയം

തിരുവനന്തപുരം: നാലര പതിറ്റാണ്ടോളമായി അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് കാണാമറയത്ത് കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പുതിയ വാര്‍ത്തകളില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തില്‍ 42 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഞെട്ടിക്കുന്ന അവകാശവാദങ്ങളുമായി സൈബര്‍ വിദഗ്ധന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും തങ്ങളുടെ പക്കല്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസും ആഭ്യന്തര വകുപ്പും വിശദീകരിക്കുന്നു.

കിഴക്കനേഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ മലേഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിംപാങ് എന്ന പ്രദേശത്ത് സുകുമാരക്കുറുപ്പ് വ്യാജപ്പേരില്‍ ജീവിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ദൃശ്യങ്ങളും ബന്ധുക്കളുടെ ഫോണ്‍ വിവരങ്ങളും വിശകലനം ചെയ്താണ് ഇയാളെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു. സിംപാങില്‍ താമസിച്ച് നാട്ടിലെ കുടുംബവുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും പ്രചരിച്ച വിവരങ്ങളില്‍ പറയുന്നു.

എന്നാല്‍ കേവല അഭ്യൂഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരാനാകില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പരിശോധനയില്‍ ദൃശ്യങ്ങളില്‍ കാണുന്ന വയോധികന്‍ തൃശൂര്‍ സ്വദേശിയായ മറ്റൊരാളാകാനാണ് സാധ്യതയെന്ന വിവരമാണ് ലഭ്യമായിട്ടുള്ളത്. എങ്കിലും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വിഷയം പൊലീസ് നിരീക്ഷിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.