ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകത്തിന്റെ പ്രസാധനത്തില്‍ നിന്ന് പ്രമുഖ പ്രസാധക സ്ഥാപനമായ പെന്‍ഗ്വിന്‍ ഇന്ത്യ പിന്മാറി. പുസ്തകത്തില്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള പെന്‍ഗ്വിന്റെ ആവശ്യം സോണിയാ ഗാന്ധി തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം പുസ്തകം ഏറ്റെടുക്കാന്‍ ഹാര്‍പ്പര്‍ കോളിന്‍സ് ഉള്‍പ്പെടെ നിരവധി പ്രമുഖ പ്രസാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാര്‍പ്പര്‍ കോളിന്‍സുമായി പ്രസിദ്ധീകരണത്തിനും വിതരണത്തിനുമുള്ള കരാര്‍ ഉടന്‍ ഒപ്പുവെച്ചേക്കുമെന്നാണ് വിവരം.
രാജീവ് ഗാന്ധിയുമായുള്ള വിവാഹം, അദേഹത്തിന്റെ വിയോഗം, തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവേശം തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക അധ്യായങ്ങള്‍ തുറന്നുപറയുന്നതാണ് പുസ്തകം. ഏത് ഭാഗങ്ങള്‍ ഒഴിവാക്കാനാണ് പെന്‍ഗ്വിന്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ലെങ്കിലും രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഉള്ളടക്കമാണ് പ്രസാധകരെ പിന്നോട്ട് വലിച്ചതെന്നാണ് സൂചന.

'അമ്മയെ ഓര്‍ത്ത് അഭിമാനം': രാഹുല്‍ ഗാന്ധി
നേരത്തെ പുസ്തക പ്രഖ്യാപന വേളയില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ച വികാരാധീനമായ കുറിപ്പ് ശ്രദ്ധേയമായിരുന്നു. പിതാവിന്റെ മരണ ശേഷം അമ്മ നേരിട്ട പ്രതിസന്ധികളും ജീവിത ബുദ്ധിമുട്ടുകളും തനിക്കും സഹോദരി പ്രിയങ്കയ്ക്കും മാത്രമേ പൂര്‍ണമായി അറിയുകയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരാള്‍ സ്വന്തം ജീവിതകഥ ലോകത്തോട് പങ്കുവെയ്ക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
ലക്ഷക്കണക്കിന് ആളുകള്‍ ഈ പുസ്തകം വായിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞ രാഹുല്‍, രാജീവ് ഗാന്ധി പുഞ്ചിരിയോടെയും അഭിമാനത്തോടെയും സോണിയയെ നോക്കിക്കാണുന്നുണ്ടാവുമെന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

നേരത്തെ നവംബര്‍ 10 ന് പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം പുറത്തുവന്നിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ പ്രസാധക മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തകത്തിന്റെ പ്രകാശനം വൈകുമെന്നാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.