സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്; വിദേശത്ത് താവളം, ഒതുക്കിത്തീര്‍ക്കാന്‍ ബാഹ്യസമ്മര്‍ദ്ദമെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്; വിദേശത്ത് താവളം, ഒതുക്കിത്തീര്‍ക്കാന്‍ ബാഹ്യസമ്മര്‍ദ്ദമെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ലെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍. കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ വലിയ തോതില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി. കുറുപ്പ് മരണപ്പെട്ടെന്ന വാദങ്ങള്‍ തെറ്റാണെന്നും അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദേഹം ആരോപിച്ചു.

സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ബ്രൂണെയിലെ ഒരു ഹോട്ടലില്‍ സുകുമാരക്കുറുപ്പ് നിരന്തരമായി വരാറുണ്ടായിരുന്നു. താന്‍ മലേഷ്യക്കാരനായ ഇന്ത്യന്‍ വംശജനാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ സന്ധ്യയ്ക്ക് ശേഷം ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ഇയാള്‍ മലയാളം സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചുറ്റുമുള്ളവര്‍ക്ക് സംശയം തോന്നിയത്. ഈ വ്യക്തി സുകുമാരക്കുറുപ്പ് തന്നെയെന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അലി അക്ബര്‍ വ്യക്തമാക്കി.

കുറുപ്പിനെ കണ്ടെത്തുന്നതിനായുള്ള ചില പ്രധാന സൂചനകള്‍ കേസ് ഫയലുകളില്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമായ ചില രേഖകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. കേരള പൊലീസ് ഈ വിവരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ കുറുപ്പിനെ പിടികൂടാന്‍ സാധിക്കും. എന്നാല്‍ സുകുമാരക്കുറുപ്പ് മരിച്ചതായി വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. കുറുപ്പിനെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ കഴിവുകേടല്ല, മറിച്ച് പല മേഖലകളില്‍ നിന്നും അന്വേഷണത്തെ പിന്നോട്ട് വലിപ്പിക്കുന്ന ഇടപെടലുകള്‍ കാരണമാണ്.

സുകുമാരക്കുറുപ്പിന്റെ കുടുംബത്തിന് പൊലീസ് സേനയിലും, അഭിഭാഷക രംഗത്തും, രാഷ്ട്രീയത്തിലും, സാമുദായിക തലത്തിലും വലിയ സ്വാധീനമാണുള്ളത്. സാമ്പത്തികമായി ഉന്നത നിലയിലുള്ള ഇവരുടെ ഈ ഉന്നത സ്വാധീനങ്ങളെല്ലാം കേസ് അന്വേഷണ സമയത്ത് കുറുപ്പിന് അനുകൂലമായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.