നേപ്പാള്‍ ദുരന്തം: ഓസ്ട്രേലിയന്‍ മലയാളി കുടുംബത്തെ കാണാനില്ല; തിരച്ചില്‍ ഊര്‍ജ്ജിതം; മരണസംഖ്യ 500 കടന്നു

നേപ്പാള്‍ ദുരന്തം: ഓസ്ട്രേലിയന്‍ മലയാളി കുടുംബത്തെ കാണാനില്ല; തിരച്ചില്‍ ഊര്‍ജ്ജിതം; മരണസംഖ്യ 500 കടന്നു

ന്യൂഡല്‍ഹി: നേപ്പാളില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ പ്രവാസികളില്‍ നാല് ഓസ്ട്രേലിയന്‍ മലയാളികളും ഉള്‍പ്പെട്ടതായി പുതിയ വിവരങ്ങള്‍ പുറത്തുവന്നു. നേപ്പാളില്‍ കുടുങ്ങിയ എട്ട് മലയാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ ഓസ്ട്രേലിയന്‍ പൗരത്വമുള്ള നാലംഗ മലയാളി കുടുംബത്തെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. കാണാതായ ഓസ്ട്രേലിയന്‍ മലയാളികള്‍ക്കായി വിദേശകാര്യ മന്ത്രാലയം വഴിയും ഓസ്ട്രേലിയന്‍ എംബസി വഴിയും തിരച്ചില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


ദുരന്തത്തില്‍ ആകെ മരണസംഖ്യ 500 കടന്നു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കാണാതായവരില്‍ 320 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. കൈലാസ മാനസരോവര്‍ യാത്രയ്ക്കായി പോയ നൂറോളം പ്രവാസി ഇന്ത്യക്കാരെക്കുറിച്ചും നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന് വിവരമൊന്നുമില്ല. അതേസമയം നേപ്പാളില്‍ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങളായിരുന്നു നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ ലഭിച്ചിരുന്നത്. ഇതില്‍ 60 മലയാളികള്‍ നിലവില്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.

പട്ടികയില്‍ ഉണ്ടായിരുന്ന മറ്റ് സംസ്ഥാനക്കാരായ 14 പേരുടെ വിവരങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ബാക്കി കാണാതായ എട്ട് മലയാളികളില്‍ നാല് പേരാണ് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍. പ്രളയ മേഖലകളില്‍ കുടുങ്ങിയ ത്രിശൂലി വണ്‍ ജലവൈദ്യുത പദ്ധതിയിലെ 63 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി. ചൈനീസ് അതിര്‍ത്തി ഭാഗത്തുള്ള 400 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്.


ദുരന്തബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 26 മുതല്‍ വിമാനമാര്‍ഗം ടെന്റുകള്‍, മരുന്നുകള്‍, കമ്പിളികള്‍, ഡീവാട്ടറിങ് പമ്പുകള്‍, ജനറേറ്ററുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങുന്ന വന്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.