യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ച വേണം: റഷ്യയോട് അഭ്യർത്ഥിച്ച് വത്തിക്കാൻ

യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ച വേണം: റഷ്യയോട് അഭ്യർത്ഥിച്ച് വത്തിക്കാൻ

കീവ്: ഉക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ചർച്ചകൾ ആരംഭിക്കാനും റഷ്യൻ ഭരണകൂടത്തോട് അഭ്യർത്ഥിച്ച് വത്തിക്കാൻ. സൈനിക നടപടികളിലൂടെ ഈ സംഘർഷം പരിഹരിക്കാനാവില്ലെന്ന വത്തിക്കാന്റെ നയം വിദേശകാര്യ വകുപ്പ് തലവനും ആർച്ച് ബിഷപ്പുമായ പോൾ ഗല്ലാഘർ വ്യക്തമാക്കിക്കൊണ്ടാണ് രംഗത്തെത്തിയത്.

മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനൊപ്പം നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് വത്തിക്കാന്‍ പ്രതിനിധിയുടെ നിർണായക പ്രതികരണം. ഗൗരവകരമായ രാഷ്ട്രീയ-നയതന്ത്ര പ്രക്രിയയ്ക്കുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. അത്തരം ചർച്ചകൾ എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ഇരുപക്ഷവും തുറന്ന സമീപനവും സമാന മനസ്സ് പ്രകടിപ്പിക്കുകയും വേണമെന്ന് അദേഹം റഷ്യൻ പ്രതിനിധികളുടെ മുന്നിൽ ആവശ്യപ്പെട്ടു.

റഷ്യയിലേക്കുള്ള ആർച്ച് ബിഷപ്പ് ഗല്ലാഘറുടെ നാല് ദിവസത്തെ സന്ദർശനത്തിനിടയിലെ പ്രധാന ഉഭയകക്ഷി ചർച്ചയായിരുന്നു മോസ്കോയിൽ നടന്നത്. അഞ്ച് വർഷത്തിനിടെ ആർച്ച് ബിഷപ്പ് ഗല്ലാഘറും ലാവ്‌റോവും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. മാധ്യമങ്ങളെ കാണുന്നതിന് മുൻപ് റഷ്യയിലെ വത്തിക്കാൻ സ്ഥാനപതി (അപ്പസ്തോലിക് ന്യൂൺഷ്യോ) ആർച്ച് ബിഷപ്പ് ജിയോവാനി ഡി അനിയെല്ലോയും ഒപ്പമുണ്ടായിരുന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.