അബുജ: നൈജീരിയയിലെ ദക്ഷിണ കടൂണയിൽ ക്രൈസ്തവർ നേരിടുന്ന ആക്രമണങ്ങളും പീഡനങ്ങളും റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ ലൂക്കാ ബിന്നിയാറ്റിനെതിരെ ചുമത്തിയ ക്രിമിനൽ മാനനഷ്ടക്കേസ് ഫെഡറൽ ഹൈക്കോടതി തള്ളി. അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ലൂക്കയെ കോടതി കുറ്റവിമുക്തനാക്കിയത്.
തനിക്കെതിരായ കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നും കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കടൂണയിലെ ഫെഡറൽ ഹൈക്കോടതി കേസ് തള്ളിയത്. മാധ്യമ പ്രവർത്തകൻ തന്റെ പ്രൊഫഷണൽ ഉത്തരവാദിത്വം മാത്രമാണ് നിർവഹിച്ചതെന്നും കോടതി നിരീക്ഷിച്ചു.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ദക്ഷിണ കടൂണയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഒരു ജനപ്രതിനിധി നടത്തിയ പ്രസ്താവന യു.എസ് ആസ്ഥാനമായ ‘ദ എപ്പോക്ക് ടൈംസ്’ എന്ന മാധ്യമത്തിൽ ലൂക്കാ ബിന്നിയാറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ ഭരണകൂടം നിസ്സാരവത്കരിക്കുകയാണെന്നായിരുന്നു ജനപ്രതിനിധിയുടെ ആരോപണം.
വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ക്രിമിനൽ മാനനഷ്ടം ആരോപിച്ച് നൈജീരിയൻ അധികൃതർ ലൂക്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങളോളം തടവിൽ കഴിഞ്ഞ അദേഹം 2022 ഫെബ്രുവരിയിൽ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും കേസിന്റെ നിയമ നടപടികൾ തുടർന്നു.
കേസ് തള്ളിയ കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച ലൂക്കാ ബിന്നിയാറ്റ് സത്യം റിപ്പോർട്ട് ചെയ്തതിനാണ് താൻ തടവിലായതെന്ന് പ്രതികരിച്ചു. നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ലോകം അറിയുന്നതിനായി മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലൂക്കാ ബിന്നിയാറ്റിന് നിയമസഹായം നൽകിയത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമസംഘടനയായ അലയൻസ് ഡിഫൻഡിങ് ഫ്രീഡം ആണ്. വിധിയെ വിവിധ ക്രൈസ്തവ മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്തു.
ക്രൈസ്തകർക്കെതിരായ ആക്രമണങ്ങളുടെ പേരിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്ക നേരിടുന്ന രാജ്യമാണ് നൈജീരിയ. പ്രത്യേകിച്ച് വടക്കൻ, മധ്യ മേഖലകളിൽ ക്രൈസ്തവ സമൂഹങ്ങൾക്കെതിരെ തീവ്രവാദ സംഘടനകളുടെയും സായുധ സംഘങ്ങളുടെയും ആക്രമണങ്ങൾ തുടരുകയാണ്.
നിരവധി വിശ്വാസികൾ കൊല്ലപ്പെടുകയും വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ളവ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് ക്രൈസ്തവ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.