തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസിനെയും ജനങ്ങളെയും ഒരുപോലെ വലയ്ക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ഒടുവില്‍ കണ്ടെത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപിടിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത്. പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാണുന്ന വയോധികന്‍ സുകുമാരക്കുറുപ്പല്ല, മറിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്ന ഒരു മലയാളി വൃദ്ധനാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തൃശൂര്‍ കരുമാത്ര സ്വദേശിയായ മൂറക്കനാട് ദാമോദര മേനോനാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായത്. നിലവില്‍ ബ്രൂണെ ദാരുസലാമില്‍ കഴിയുന്ന ഇദേഹം വാടക നല്‍കാന്‍ പോലും പണമില്ലാതെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കിഡ്‌നി സംബന്ധമായ അസുഖങ്ങളും ഓര്‍മ്മക്കുറവും അലട്ടുന്ന ദാമോദര മേനോനെ വാടക കുടിശികയായതിനെ തുടര്‍ന്ന് വീട്ടുടമസ്ഥയായ ചൈനീസ് യുവതി ബ്രൂണെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മിഷനും പ്രാദേശിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഇദേഹത്തിന്റെ പാസ്പോര്‍ട് വിവരങ്ങള്‍ ശേഖരിക്കുകയും മലേഷ്യയിലും ഓസ്ട്രേലിയയിലുമുള്ള ഭാര്യയെയും മക്കളെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ദാമോദര മേനോന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ സ്വന്തം കുടുംബാംഗങ്ങള്‍ തയാറായില്ല എന്ന ദാരുണമായ വിവരമാണ് അറിയാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാട്ടിലുള്ള ബന്ധുക്കളെ കണ്ടെത്തി. നാട്ടില്‍ വസ്തുവകകളുള്ള ഇദേഹത്തെ കേരളത്തിലെത്തിച്ചാല്‍ നോക്കാമെന്ന് ബന്ധുക്കള്‍ ഉറപ്പ് നല്‍കിയതോടെയാണ് ഹൈക്കമ്മിഷന്‍ വിഷയം നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
അടിയന്തര പുനരധിവാസത്തിന് നോര്‍ക്കയുടെ ഇടപെടല്‍
തീര്‍ത്തും അനാഥനായ അവസ്ഥയില്‍ ബ്രൂണെ ഹൈക്കമ്മിഷന്റെ താല്‍കാലിക സംരക്ഷണത്തില്‍ കഴിയുന്ന ദാമോദര മേനോന് അടിയന്തര വൈദ്യ സഹായവും ദീര്‍ഘകാല പുനരധിവാസവും ആവശ്യമാണ്. ഇദേഹത്തെ എത്രയും വേഗം കേരളത്തിലെത്തിച്ച് ആവശ്യമായ ചികിത്സയും താമസസൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്ക റൂട്ട്‌സ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ കുപ്രസിദ്ധമായ ഒരു ക്രിമിനലിന്റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കപ്പെടുമ്പോഴും പ്രവാസ ലോകത്ത് ആരുമില്ലാതെ രോഗക്കിടക്കയില്‍ ആലംബഹീനനായി കഴിയുകയാണ് ഈ മലയാളി. ഇദേഹത്തെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.