പൊലീസിനെ പേടിയാ! പക്ഷെ മൂന്ന് വയസുകാരി ജന്മയ്ക്ക് ദുബായ് പൊലീസ് കൊടുത്തത് ലൈഫ് ടൈം ഓണ സമ്മാനം

പൊലീസിനെ പേടിയാ! പക്ഷെ മൂന്ന് വയസുകാരി ജന്മയ്ക്ക് ദുബായ് പൊലീസ് കൊടുത്തത് ലൈഫ് ടൈം ഓണ സമ്മാനം

ദുബായ്: പട്ടുപാവാടയണിഞ്ഞ് തലയില്‍ മുല്ലപ്പൂ ചൂടി, കൈയില്‍ പൂക്കൂടയുമായി നില്‍ക്കുന്ന ഒരു കൊച്ചു മലയാളി കുരുന്ന്. തൊട്ടുമുന്നില്‍ വന്ന് നില്‍ക്കുന്ന ദുബായ് പൊലീസിന്റെ ജീപ്പ്. പൊലീസിനെ കണ്ടതും അല്‍പം ഭയന്ന് മാറിനിന്ന കുഞ്ഞിനെ സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് സമ്മാനിച്ച്, നെറുകയില്‍ ഒരു സ്‌നേഹമുത്തവും നല്‍കി യാത്രയാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍. ഓണ ദിനത്തില്‍ ദുബായില്‍ നിന്ന് പകര്‍ത്തിയ ഈ ഹൃദ്യമായ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

പോസ്റ്റ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഖിസൈസിലെ അല്‍ തവാര്‍ പാര്‍ക്കിന് സമീപമുള്ള പാര്‍ക്കിങ് ഭാഗത്തുവെച്ചാണ് മൂന്ന് വയസുകാരി ജന്മയ്ക്ക് മറക്കാനാവാത്ത ഈ ഓണ സമ്മാനം ലഭിച്ചത്. അച്ഛന്‍ ജോമോന്‍ ജോണി, അമ്മ ലിന്‍സി, സഹോദരി ജൊഹാന എന്നിവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ അവിട്ടം ദിനത്തില്‍ രാവിലെ പുറത്തിറങ്ങിയതായിരുന്നു ജന്മ.

കുടുംബം ഫോട്ടോ എടുക്കുന്നതിനിടെയാണ് ദുബായ് പൊലീസിന്റെ വാഹനം എത്തുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അമ്മ ലിന്‍സിയോട് സംസാരിച്ചു. കുഞ്ഞ് ജന്മയ്ക്ക് പൊലീസിനെ കണ്ടാല്‍ അല്‍പം പേടിയാണെന്ന് ലിന്‍സി പറഞ്ഞതോടെയാണ് പിന്നീട് കണ്ട ഏവരെയും ഈറനണിയിക്കുന്ന ആ നിമിഷങ്ങള്‍ക്ക് തുടക്കമായത്.

ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഒരു ജ്യൂസുമായി പുറത്തിറങ്ങി ജന്മയെ സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചു. ആദ്യം മടിച്ചുനിന്നെങ്കിലും ഉദ്യോഗസ്ഥന്റെ ആത്മാര്‍ത്ഥമായ സ്‌നേഹം കണ്ടതോടെ കുട്ടി പതിയെ അരികിലെത്തി. ജ്യൂസ് നല്‍കിയ ശേഷം ജന്മയുടെ നെറുകയില്‍ സ്‌നേഹത്തോടെ മുത്തമിട്ടാണ് അദേഹം മടങ്ങിയത്. അച്ഛന്‍ ജോമോന്‍ ക്യാമറയില്‍ പകര്‍ത്തിയ ആ സ്‌നേഹ രംഗം തൊട്ടടുത്ത മണിക്കൂറുകളില്‍ തന്നെ നെറ്റിസണ്‍സ് ഏറ്റെടുത്തു.

കുഞ്ഞിന്റെ നിഷ്‌കളങ്കതയും ദുബായ് പൊലീസിന്റെ കരുതലും പെരുമാറ്റവും നിറഞ്ഞ വീഡിയോയ്ക്ക് താഴെ പ്രശംസകളുടെ പ്രവാഹമാണ്. പ്രവാസികളെ എത്രത്തോളം കരുതലോടെയാണ് അവര്‍ ചേര്‍ത്തുപിടിക്കുന്നതെന്നും ദുബായ് എന്ന നഗരത്തെ സുരക്ഷിതമായി നിര്‍ത്തുന്നവരോട് സ്‌നേഹവും ബഹുമാനവും അഭിമാനവും മാത്രമാണുള്ളതെന്നും ജോമോന്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.