തിരുവനന്തപുരം: ബിജെപിയില്‍ കഴക്കൂട്ടം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ താന്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ വി മുരളീധരനും കെ സുരേന്ദ്രനും ഇടഞ്ഞുതന്നെയാണ്.
ഇതിനായി മറുതന്ത്രം മെനയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ശോഭ സുരേന്ദ്രന് വേണ്ടി പരിഗണിക്കുന്ന കഴക്കൂട്ടം സീറ്റില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
കഴക്കൂട്ടം സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ തുഷാറിനോട് ചോദിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ പറഞ്ഞത്. ബിഡിജെഎസിന്റെ മുഴുവന്‍ സീറ്റുകളിലും ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തുഷാറിന്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം സീറ്റ് ബിജെപി വാഗ്ദാനം ചെയ്യുമ്പോള്‍ തുഷാറിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് നേതൃത്വം ഉറ്റുനോക്കുന്നത്.
കോണ്‍ഗ്രസ് വിട്ടുവരുന്ന ഈഴവവിഭാഗത്തില്‍ പെടുന്ന ഒരു നേതാവിനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊരു നേതാവ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് വന്നില്ല. അതോടെ കഴക്കൂട്ടത്ത് ആര് മത്സരിക്കണമെന്ന് ആശങ്കയായി. കഴക്കൂട്ടത്ത് ബി ജെ പിക്ക് വന്‍ വോട്ട് വര്‍ദ്ധനവുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും കേന്ദ്രമന്ത്രിയായ അദ്ദേഹം മത്സരിക്കേണ്ടതില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ പക്ഷം. വി മുരളീധരന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കട്ടെ എന്നാണ് കേന്ദ്ര നിലപാട്.
കേന്ദ്രനേതൃത്വം നേരിട്ട് വാഗ്ദാനം ചെയ്ത സീറ്റ് നഷ്ടപ്പെട്ടാല്‍ ശോഭാ സുരേന്ദ്രന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. അതേസമയം കഴക്കുട്ടം അടക്കം ഒഴിച്ചിട്ട സീറ്റുകളില്‍ ഇതുവരേയും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.