കൊല്ലം: ഇസ്രയേലില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വ്യാജ വിമാന ടിക്കറ്റ് നല്കി കബളിപ്പിക്കുകയും ചെയ്ത കേസില്‍ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ ഉപഭോക്തൃ കമ്മീഷന്റെ നടപടി. പരാതിക്കാരന് 3.70 ലക്ഷം രൂപ ഒന്‍പത് ശതമാനം പലിശ സഹിതം തിരികെ നല്‍കാനും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുമാണ് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടത്. പലിശ തുക ഉള്‍പ്പെടെ ആകെ 7.06 ലക്ഷം രൂപയാണ് എതിര്‍കക്ഷികളായ റെജി സി വര്‍ക്കി, പ്രീത അലക്സ് എന്നിവര്‍ പരാതിക്കാരന് നല്‍കേണ്ടി വരിക.
കൊല്ലം കുരീപ്പുഴ സ്വദേശിയായ ജോസഫ് മാനുവല്‍ നല്കിയ പരാതിയിലാണ് എസ്.കെ ശ്രീല, സ്റ്റാന്‍ലി ഹാരോള്‍ഡ് എന്നിവരടങ്ങിയ കമ്മീഷന് ബെഞ്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷത്തിനകം ഇസ്രയേലില്‍ മികച്ച തൊഴില്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് എതിര്‍കക്ഷികള്‍ ജോസഫില്‍ നിന്ന് പണം കൈപ്പറ്റിയത്. വിസാ പ്രോസസിങ്, ഡൊക്യുമെന്റേഷന്‍, വിമാനയാത്ര എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ മേല്‍നോട്ടത്തില്‍ കൃത്യമായി ചെയ്യുമെന്നായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. വിദേശത്ത് മികച്ചൊരു ജോലി സ്വപ്നം കണ്ട ദിവസ വേതനക്കാരനായ ജോസഫ് പലപ്പോഴായി 3.7 ലക്ഷം രൂപ ഇവര്‍ക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ പണം കൈപ്പറ്റിയ ശേഷം നിരന്തരം വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുകയാണുണ്ടായത്. 2022 ലും 2023 ലുമായി നിരവധി തവണ യാത്ര തിരിക്കാനുള്ള തിയതികള്‍ നിശ്ചയിച്ച് നല്‍കിയെങ്കിലും യാത്രയ്ക്ക് ഒന്നോ രണ്ടോ ദിവസം മുന്‍പ് അകാരണമായി മാറ്റിവയ്ക്കുകയായിരുന്നു പതിവ്. യാത്രയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തി കാത്തിരുന്ന പരാതിക്കാരന് അവസാന നിമിഷങ്ങളിലെ ഈ റദ്ദാക്കലുകള്‍ മൂലം കടുത്ത മാനസിക സമ്മര്‍ദത്തിലായി.
തുടര്‍ന്ന് തട്ടിപ്പിന് വിശ്വാസ്യത വരുത്താനായി 2023 ജൂലൈയില്‍ ജോസഫിന് വിമാന ടിക്കറ്റ് ബുക്കിങ് സ്ഥിരീകരണ രേഖയും ഏജന്റുമാര്‍ നല്കി. എന്നാല്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഈ ടിക്കറ്റ് വ്യാജമാണെന്നും അത്തരമൊരു ബുക്കിങ് നടന്നിട്ടില്ലെന്നും ബോധ്യപ്പെട്ടു. നേരിട്ട് സ്ഥാപനത്തിലെത്തി പണം തിരികെ ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയും പരാതിക്കാരന്റെ ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.
അഭിഭാഷകന് മുഖേന നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അഡ്വ. ഫൈസല്‍ ആയത്തില്‍, അഡ്വ. നൗഫല്‍ എന്നിവര്‍ മുഖേന ജോസഫ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചതും നീതി ഉറപ്പാക്കിയതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.