സാന്‍ജോസ്: നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ ഉപദേശം സ്വീകരിച്ച് മരുന്നുകള്‍ അമിത അളവില്‍ മദ്യത്തില്‍ കലര്‍ത്തി കഴിച്ചതിനെ തുടര്‍ന്ന് 19 കാരനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നിര്‍മാതാക്കളായ ഓപ്പണ്‍ എഐക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സാം നെല്‍സണ്‍ ആണ് കഴിഞ്ഞ വര്‍ഷം ദാരുണമായി കൊല്ലപ്പെട്ടത്. വേദന സംഹാരികളും വിഷാദ രോഗത്തിനുള്ള മരുന്നുകളും മദ്യത്തില്‍ കലര്‍ത്തി കഴിച്ചതാണ് മരണത്തിന് കാരണമായത്.
മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ ഈ മരുന്നുകള്‍ ഒന്നിച്ച് കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് സാം ചാറ്റ്ജിപിടിയോട് ആരാഞ്ഞിരുന്നതായി യുവാവിന്റെ അമ്മ യു.എസ് കോണ്‍ഗ്രസ് ഹിയറിങില്‍ വ്യക്തമാക്കി. ഇതിന് തെളിവായി 700 ല്‍ അധികം സന്ദേശങ്ങള്‍ അടങ്ങിയ ചാറ്റ് പകര്‍പ്പുകളും അവര്‍ ഹാജരാക്കി. ആദ്യ ഘട്ടത്തില്‍ ഇത്തരം അപകടകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ്ബോട്ട് തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് ഉപയോക്താക്കളുടെ എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കാനായി കമ്പനി വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷമാണ് മരുന്നുകളുടെ അളവിനെക്കുറിച്ചും അവ ഒന്നിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങിയതെന്ന് കുടുംബം ആരോപിക്കുന്നു.
സുരക്ഷയേക്കാള്‍ ഉപയോക്താക്കളുടെ എന്‍ഗേജ്മെന്റിനാണ് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് മെറ്റയിലെ മുന്‍ ഗവേഷകനായ ജെയ്സണ്‍ സാറ്റിസാഹന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയത് കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് ബലമേകുന്നു. അതിനിടെ യുവാവിന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച ഓപ്പണ്‍ എഐ, സാം ഉപയോഗിച്ചിരുന്ന എഐ മോഡല്‍ നിലവില്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഉത്തരവാദിത്തമില്ലായ്മയാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് സാമിന്റെ കുടുംബം ഉറച്ച് വിശ്വസിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.