റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ വിജയം: വോട്ടെടുപ്പ് ക്രമക്കേടെന്ന് പ്രതിപക്ഷം; ഫലം അംഗീകരിക്കില്ലെന്ന് ഉക്രെയ്ന്‍

 റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ വിജയം: വോട്ടെടുപ്പ് ക്രമക്കേടെന്ന് പ്രതിപക്ഷം; ഫലം അംഗീകരിക്കില്ലെന്ന് ഉക്രെയ്ന്‍

മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ നടന്ന നിര്‍ണായകമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ വന്‍ വിജയം നേടി. ശക്തരായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ പൂര്‍ണമായി ഒഴിവാക്കി നടന്ന വോട്ടെടുപ്പില്‍ 57 ശതമാനത്തിലേറെ വോട്ടുകള്‍ സ്വന്തമാക്കിയാണ് 450 അംഗ ഡ്യൂമയില്‍ ഭരണകക്ഷി അധികാരം നിലനിര്‍ത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 56.66 ശതമാനം പോളിങ് രേഖപ്പെടുത്തി.

നാല് വര്‍ഷത്തിലേറെയായി തുടരുന്ന ഉക്രെയ്ന്‍ യുദ്ധത്തിനും തങ്ങളുടെ ഭരണനയങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ പിന്തുണയുടെ തെളിവാണ് ഈ വന്‍ വിജയമെന്ന് പ്രസിഡന്റ് പുടിന്‍ അവകാശപ്പെട്ടു. എന്നാല്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തിയാണ് റഷ്യന്‍ ഭരണകൂടം വിജയം തട്ടിയെടുത്തതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും സ്വതന്ത്ര നിരീക്ഷകരും ആരോപിച്ചു. തുറന്ന നിലയില്‍ ബാലറ്റ് പെട്ടികള്‍ കണ്ടെത്തുകയും വോട്ടെണ്ണലില്‍ തിരിമറി നടത്തുകയും ചെയ്തതായി പല കേന്ദ്രങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നു. യുദ്ധത്തിനെതിരെ പരസ്യമായി നിലപാടെടുത്ത യാബ്ലോകോ പാര്‍ട്ടിക്ക് ബാലറ്റില്‍ വിലക്കേര്‍പ്പെടുത്തുകയും ജനപ്രിയ യുദ്ധവിരുദ്ധ നേതാക്കളെ ജയിലിലടയ്ക്കുകയോ പ്രവാസത്തിലേക്ക് തള്ളിയിടുകയോ ചെയ്ത ശേഷമാണ് പുടിന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ഡിപിആറും ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് വിഹിതത്തില്‍ ഏറെ പിന്നിലായി.

ഉക്രെയ്‌നില്‍ നിന്ന് അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളില്‍ വോട്ടെടുപ്പ് നടത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2014 ല്‍ പിടിച്ചെടുത്ത ക്രിമിയയിലും 2022 ല്‍ പിടിച്ചെടുത്ത നാല് മേഖലകളിലും റഷ്യ വോട്ടെടുപ്പ് സംഘടിപ്പിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ഈ നിയമവിരുദ്ധ തിരഞ്ഞെടുപ്പിന്റെ ഫലം യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന് ഉക്രെയ്ന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ റഷ്യന്‍ നഗരങ്ങള്‍ക്ക് നേരെ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ കടുപ്പിച്ചിരുന്നു. അതേസമയം രാജ്യത്ത് പട്ടാള നിയമം നിലനില്‍ക്കുന്നതിനാല്‍ ഉക്രെയ്‌നില്‍ നിലവില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.