ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളിലും സുതാര്യതയിലും വീണ്ടും ചോദ്യങ്ങളുയര്‍ത്തി പുതിയ വിവാദങ്ങള്‍ പുകയുന്നു. വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയരുന്ന വിമര്‍ശനങ്ങളെ ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് കൊണ്ട് പ്രതിരോധിക്കാനാകില്ലെന്നതാണ് യാഥാര്‍ഥ്യം. ഭിന്നാഭിപ്രായങ്ങളും ആഭ്യന്തര ഭിന്നതകളും ഒതുക്കിവെക്കാന്‍ ശ്രമിക്കുമ്പോഴും ഉള്ളറകളില്‍ ഉയരുന്ന പ്രതിഷേധം വ്യക്തമായി പുറത്തുവരുന്നുണ്ട്.
ബിഹാറില്‍ ആരംഭിച്ച് പശ്ചിമ ബംഗാളിലേക്ക് വ്യാപിച്ച തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ശാന്തമാകുന്നതിന് പകരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുകയാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യാപക ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തുടക്കം മുതല്‍ ആരോപിച്ചിരുന്നെങ്കിലും ഭരണ സംവിധാനങ്ങള്‍ അത് അവഗണിക്കുകയായിരുന്നു. ചിന്തകനായ യോഗേന്ദ്ര യാദവും മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷിയും ഉള്‍പ്പെടെയുള്ള പ്രമുഖരും വിവിധ പൗരസംഘടനകളും കമ്മിഷന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. 2025 ജൂണില്‍ ആരംഭിച്ച ഈ പരിഷ്‌കരണ നടപടികള്‍ മൂലം രാജ്യത്തെ 13 കോടിയോളം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുമോ എന്ന വലിയ ആശങ്കയിലാണ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ഭരണകക്ഷി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, തന്റെ വിയോജനക്കുറിപ്പ് അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് രാജിവെച്ച് പുറത്തുപോയിരുന്നു. അതുപോലെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനെതിരെ കമ്മിഷണര്‍ രാജീവ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ച സംഭവവും നിലവിലുണ്ട്. പഴയ സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണം സ്വന്തം വിശുദ്ധിയും നിഷ്പക്ഷതയും ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട വലിയൊരു ബാധ്യതയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.