മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷന്‍; ചെലവായത് 19.88 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷന്‍; ചെലവായത് 19.88 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ ചാര്‍ട്ടേഡ് വിമാന യാത്രയുടെ തുക സ്പോണ്‍സര്‍ ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്സണ്‍ ഏവിയേഷന്‍. ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപയാണ് യാത്രയ്ക്കായി കമ്പനി നല്‍കിയതെന്നാണ് ഇന്‍വോയ്സ് രേഖകള്‍ വ്യക്തമാക്കുന്നത്.

മലയാളിയും കര്‍ണാടക മന്ത്രിയുമായ കെ.ജെ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. മലയാളിയായ പരിചയക്കാരന്‍ അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയതെന്നും അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ സ്പോണ്‍സറെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

തന്റെ വിമാനയാത്രയില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവു വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ പ്രകൃതിദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സെപ്റ്റംബര്‍ 21 നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ തിരുവനന്തപുരത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തത്. എയര്‍ക്രാഫ്റ്റ് വാടകയായി 16,85,250 രൂപയും 18 ശതമാനം ഐജിഎസ്ടി ഇനത്തില്‍ 3,03,345 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്.

കരാര്‍ അടിസ്ഥാനത്തില്‍ പൊലീസിന് വേണ്ടി മൂന്ന് വര്‍ഷമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയിരുന്ന കമ്പനിയാണ് ചിപ്സണ്‍ ഏവിയേഷന്‍. ഈ കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി പുതിയ കരാര്‍ കരസ്ഥമാക്കാന്‍ ചിപ്സണ്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഇത്രയും വലിയ തുക കമ്പനി ചെലവഴിച്ചിരിക്കുന്നത് എന്ന വിവരം പുറത്തു വരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.