ഗള്‍ഫ് മേഖല, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുമായി ഇന്ത്യയ്ക്ക് വിപുലമായ സമുദ്ര വ്യാപാര ബന്ധങ്ങളുമുണ്ട്. അതിനാല്‍ യുദ്ധം പൂര്‍ണതോതില്‍ വ്യാപിച്ചാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കപ്പല്‍ ഗതാഗതം, ഊര്‍ജ വിതരണം, പ്രാദേശിക വ്യാപാരം എന്നിവയ്ക് ഇത് ഭീഷണിയായി മാറും.
ടെഹ്‌റാന്‍: അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ പ്രത്യാക്രമണം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനരാരംഭിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നും ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖൊമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് മേജര്‍ ജനറല്‍ യഹ്യ റഹീം സഫാവിയാണ് ഭീഷണി മുഴക്കി.
അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയ്യാറാണെന്ന് യഹ്യ റഹീം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തുടരുന്ന അമേരിക്കന്‍ കപ്പലുകള്‍ എവിടെയായിരുന്നാലും ആക്രമിക്കുമെന്നും അതിനുള്ള ശേഷി ഇറാന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഹൈപ്പര്‍ സോണിക് മിസൈലുകളുടെ വേഗം മാക് 6 ല്‍ നിന്ന് മാക് 10 ആയി ഉയര്‍ത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
'സംഘര്‍ഷം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നിന്നും ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ചെങ്കടലിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ യുദ്ധമുണ്ടായാല്‍ അതിന് മറുപടിയായി യുദ്ധമുഖം ഇനിയും വ്യാപിക്കും. അത് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും എത്തിയേക്കാം'- മേജര്‍ ജനറല്‍ യഹ്യ റഹീം സഫാവി പറഞ്ഞു.
പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, പ്രധാന സമുദ്ര വ്യാപാര പാതകള്‍ എന്നിവ കേന്ദ്രീകരിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് സഫാവിയുടെ പരാമര്‍ശം.
ലോകത്തിലെ അഞ്ച് സമുദ്ര വിഭാഗങ്ങളില്‍ വലുപ്പത്തില്‍ മൂന്നാമത്തേതാണ് ഇന്ത്യന്‍ മഹാസമുദ്രം. ഏകദേശം 7.05 കോടി ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള ഇത് ഭൂമിയിലെ ജലോപരിതലത്തിന്റെ ഏകദേശം 20 ശതമാനത്തോളം വ്യാപിച്ചു കിടക്കുന്നു. ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അതിര്‍ത്തി.
ഗള്‍ഫ് മേഖലയെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യയിലെ പ്രധാന സാമ്പത്തിക ശക്തികളുമായി ബന്ധിപ്പിക്കുന്നതില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് നിര്‍ണായക പങ്കുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളില്‍ പലതും ഇതിലൂടെയാണ് കടന്നു പോകുന്നത്.
ഇതിലെ പ്രധാനപ്പെട്ട കടല്‍പാതകളിലൊന്നാണ് ബാബ് അല്‍-മന്ദേബ് കടലിടുക്ക്. ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായും തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന കടലിടുക്കാണിത്. ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും വര്‍ധിച്ചതോടെ ഈ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെയും ഇതിനകം ബാധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂടി സംഘര്‍ഷം വ്യാപിപ്പിച്ചാല്‍ ഗള്‍ഫ് മേഖലയ്ക്ക് പുറത്തും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഏഷ്യയിലേക്കും തിരിച്ചുമുള്ള ഊര്‍ജ, വാണിജ്യ ചരക്കുകളുടെ പ്രധാന ഗതാഗത പാതയാണ് ഈ മേഖല. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
ഗള്‍ഫ് മേഖല, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുമായി ഇന്ത്യയ്ക്ക് വിപുലമായ സമുദ്ര വ്യാപാര ബന്ധങ്ങളുമുണ്ട്. അതിനാല്‍ യുദ്ധം പൂര്‍ണതോതില്‍ വ്യാപിച്ചാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കപ്പല്‍ ഗതാഗതം, ഊര്‍ജ വിതരണം, പ്രാദേശിക വ്യാപാരം എന്നിവയ്ക് ഇത് ഭീഷണിയായി മാറും.
അമേരിക്ക-ഇറാന്‍ യുദ്ധം ഇതിനകം തന്നെ ഇന്ത്യയെ ബാധിച്ചു കഴിഞ്ഞു. പ്രധാനമായും ഊര്‍ജം, കപ്പല്‍ ഗതാഗതം, ഉല്‍പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ചെലവ് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ഗതാഗത തടസങ്ങള്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.