ആശയവിനിമയവും പരസ്പര വിശ്വാസവും പ്രധാനം; സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ഒന്നിച്ച് മുന്നേറാന്‍ ആഹ്വാനം ചെയ്ത് ഷി ജിന്‍പിങ്

ആശയവിനിമയവും പരസ്പര വിശ്വാസവും പ്രധാനം; സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ഒന്നിച്ച് മുന്നേറാന്‍ ആഹ്വാനം ചെയ്ത് ഷി ജിന്‍പിങ്

വാഷിങ്ടണ്‍: ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ മറികടന്ന് പരസ്പര വിശ്വാസവും ആത്മാര്‍ത്ഥമായ സഹകരണവും വളര്‍ത്തിയെടുക്കേണ്ടത് ആഗോളതലത്തില്‍ അത്യാവശ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. വൈറ്റ്ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദേഹം ചൂണ്ടിക്കാട്ടിയത്. തുടര്‍ച്ചയായതും ആഴത്തിലുള്ളതുമായ സംഭാഷണങ്ങളിലൂടെ മാത്രമേ വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ക്ക് പരസ്പരം മനസിലാക്കാനും മുന്നോട്ട് പോകാനും സാധിക്കൂ എന്നും താനും ട്രംപും തമ്മില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ടെന്നും ഷി ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.

ലോക സമാധാനത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികപരമായ നയതന്ത്രബന്ധവും ആശയ വിനിമയവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അനാവശ്യ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ഒഴിവാക്കാന്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കണമെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സൈന്യങ്ങള്‍ തമ്മിലുള്ള പതിവ് ചര്‍ച്ചകളും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും ഷി ആവശ്യപ്പെട്ടു. കൂടാതെ വളര്‍ന്ന് വരുന്ന കൃത്രിമബുദ്ധി സാങ്കേതിക വിദ്യകള്‍ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം യു.എസിനും ചൈനയ്ക്കും ഒരുപോലെ ഉണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നിര്‍ണായകമായ പല നയതന്ത്ര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രതികരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈ സഹകരണം വരും ദിവസങ്ങളിലും തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യസുരക്ഷ, സാങ്കേതിക വിദ്യ, സൂപ്പര്‍ ഇന്റലിജന്‍സ് തുടങ്ങിയ പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും അദേഹം അറിയിച്ചു. ഈ നിര്‍ണായക മേഖലകളില്‍ നിലവില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് വരും ദശകങ്ങളില്‍ ആഗോളതലത്തില്‍ സമാധാനവും സമൃദ്ധിയും കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.