ന്യൂയോര്‍ക്ക്: റഷ്യയ്‌ക്കെതിരെ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎന്‍ പൊതുസഭയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ഉക്രെയ്നിനെതിരെയുള്ള യുദ്ധത്തില്‍ റഷ്യ ഇന്ത്യ അടക്കം 47 രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിച്ചെന്ന് സെലെന്‍സ്‌കി പറഞ്ഞു.
ഇന്ത്യ, നേപ്പാള്‍, സിംബാബ്വെ, ക്യൂബ, ബെലാറൂസ്, ദക്ഷിണാഫ്രിക്ക, താജിക്കിസ്ഥാന്‍, ഘാന, യെമന്‍, കെനിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ ഉക്രെയ്നിനെതിരെയുള്ള യുദ്ധത്തില്‍ റഷ്യ ഉപയോഗിക്കുകയാണെന്നും ഇതിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അനുവദിക്കരുതെന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു.
വിദേശ പൗരന്മാരെ വ്യാജ വാഗ്ദാനങ്ങളും ചതിക്കുഴികളും വഴി റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സെലെന്‍സ്‌കി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. 'റഷ്യക്കാരല്ലാത്ത നിരവധി മനുഷ്യര്‍ യുദ്ധക്കളത്തില്‍ കൊല്ലപ്പെടുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. കബളിപ്പിക്കലുകളിലൂടെയും വ്യാജ വാഗ്ദാനങ്ങളിലൂടെയും റഷ്യയിലെത്തിപ്പെട്ട നിങ്ങളുടെ പൗരന്മാരാണ് അവര്‍.
നിങ്ങളുടെ പൗരന്മാരോട് റഷ്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. അവരെ സംരക്ഷിക്കണം. പുടിന്റെ ഈ ഭ്രാന്തിന് നിങ്ങളുടെ പൗരന്മാരുടെ ജീവന്‍ ബലികൊടുക്കാന്‍ അനുവദിക്കരുത്. ഈ യുദ്ധത്തിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കാന്‍ പുടിനെ അനുവദിക്കരുത്' - സെലന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ സൈന്യത്തില്‍ ഏകദേശം 227 ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതില്‍ 139 പേരെ മോചിപ്പിച്ചു. എന്നാല്‍ യുദ്ധത്തില്‍ ഇതുവരെ 51 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചിരുന്നു.
ബാക്കിയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും നിയമവിരുദ്ധ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.