ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇന്ന് ഫ്രാന്‍സിലെത്തും; നാല് ദിവസത്തെ സന്ദര്‍ശനം

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇന്ന് ഫ്രാന്‍സിലെത്തും; നാല് ദിവസത്തെ സന്ദര്‍ശനം

പാരിസ്: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇന്ന് ഫ്രാന്‍സിലെത്തും. പാരീസില്‍ നിന്ന് ലൂര്‍ദിലേക്കുള്ള തീര്‍ഥാടനവും കിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്സ് സന്ദര്‍ശനവുമാണ് മാര്‍പാപ്പയുടെ പര്യടനത്തിലെ മുഖ്യ പരിപാടികള്‍. സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലായിരിക്കും ലിയോ പാപ്പ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുക.

ജൂണിലെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ശേഷവും നവംബറിലെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് മുന്നോടിയായും നടത്തുന്ന ഈ അപ്പസ്‌തോലിക യാത്രയില്‍ വളരെ ആവേശത്തോടെയാണ് ലിയോ പാപ്പയെ ഫ്രാന്‍സിലെ വിശ്വാസികള്‍ കാത്തിരിക്കുന്നത്. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നുമായി നിരവധി തീര്‍ഥാടകര്‍ പാരീസില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

വലിയതോതിലുള്ള ജനപ്രവാഹം കണക്കിലെടുത്ത് പ്രധാന വേദികള്‍ക്ക് ചുറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നോട്രെ ഡാം കത്തീഡ്രലിനുള്ളില്‍ അവസാനവട്ട മിനുക്കുപണികളും ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

2019 ഏപ്രിലിലെ തീപിടിത്തത്തിന് ശേഷം ഇതാദ്യമായാണ് ലോക പ്രശസ്തമായ ഈ ഗോഥിക് കത്തീഡ്രലിലേക്ക് ഒരു മാര്‍പാപ്പ എത്തുന്നത്. ഫ്രാന്‍സിലുടനീളമുള്ള ബിഷപ്പുമാര്‍, വൈദികര്‍, ഡീക്കന്മാര്‍, സന്ന്യസ്തര്‍, സെമിനാരി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊപ്പം പുനരുദ്ധരിച്ച നോട്രെ ഡാം കത്തീഡ്രലില്‍ മാര്‍പാപ്പ സന്ധ്യാ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.

തുടര്‍ന്ന് സ്റ്റേഡ് ഡി ഫ്രാന്‍സില്‍ ആയിരക്കണക്കിന് യുവാക്കളോടൊപ്പം മാര്‍പാപ്പ ജാഗരണ പ്രാര്‍ഥനയില്‍ പങ്കുചേരും. പരിശുദ്ധ പിതാവിനൊപ്പം സമയം ചെലവഴിക്കുന്നതിന്റെ സന്തോഷം യുവാക്കള്‍ ഇതിനകം തന്നെ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്ലേസ് ഡി ലാ കോണ്‍കോര്‍ഡ്, ഷാംപ്‌സ്-എലിസീസ് എന്നിവിടങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ലൂര്‍ദില്‍ മസബിയേല്‍ ഗുഹയില്‍ പ്രാര്‍ഥിക്കുകയും തീര്‍ഥാടകര്‍ക്കൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്ത ശേഷം മാര്‍പാപ്പ മെറ്റ്സിലേക്ക് തിരിക്കും. അവിടെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ സമാധാന സന്ദേശം നല്‍കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.