സ്ത്രീ സ്ഥാനാര്‍ത്ഥിത്വം ഔദാര്യമോ അവകാശമോ ?

സ്ത്രീ സ്ഥാനാര്‍ത്ഥിത്വം ഔദാര്യമോ അവകാശമോ ?

വനിതാ മുഖ്യമന്ത്രി എന്ന ആശയം കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നൊന്നും അല്ല. എങ്കിലും അതൊരു സാധ്യതയാണ്. പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലെ. പക്ഷെ, എത്ര ഒരുമ്പെട്ടിറങ്ങിയിട്ടും മലയാളി മങ്കയ്ക്ക് കീഴടക്കാന്‍ കഴിയാത്ത ചില കടമ്പകളുണ്ട്. അതിലൊന്നാണ് രാഷ്ട്രീയം. സാക്ഷരതയെയും രാഷ്ട്രീയ പ്രബുദ്ധയെയും കുറിച്ച് ഊറ്റം കൊള്ളുന്ന നാട്ടില്‍ രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ക്ക് സ്ഥാനം പിന്നാമ്പുറത്താണ്.
സ്ത്രീകളെ അധികാരത്തിന്റെ അരങ്ങില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ തന്ത്രപരമായി വിജയിച്ചതിന്റെ ചരിത്രമാണ് കഴിഞ്ഞ അമ്പതാണ്ടായി നമ്മുടെ ജനാധിപത്യ സമ്പ്രദായം നിര്‍ലജ്ജം ആഘോഷിക്കുന്നത് എന്ന് പറയുന്നതില്‍ യാതൊരു അതിശയോക്തിയും ഇല്ല. ഇന്ദിര ഗാന്ധി വനിത പ്രധാനമന്ത്രിയും പ്രതിഭാ പാട്ടില്‍ രാഷ്ട്രപതിയുമായി വാണ രാജ്യത്തെ ഒരു സംസ്ഥാനത്ത് ഇന്നും തിരഞ്ഞെടുപ്പുകളില്‍ പുരുഷനേതാക്കള്‍ വെച്ചുനീട്ടുന്ന വെറും ഔദാര്യം മാത്രമാണ് സ്ത്രീക്ക് അധികാരം.126 അംഗങ്ങളുണ്ടായിരുന്ന 1957ലെ ആദ്യ മന്ത്രിസഭയില്‍ ആറ് വനിതകളുണ്ടായിരുന്നു. അമ്പതാണ്ട് കഴിഞ്ഞിട്ടും വനിതാ എം.എല്‍.എ.മാരുടെ എണ്ണം കൂട്ടാന്‍ പോലും സാക്ഷര കേരളത്തിന് ആയിട്ടില്ല. ആദ്യ മന്ത്രിസഭ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ മന്ത്രിസഭകളില്‍ ഒന്നില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. തമിഴ്‌നാടും ഗുജറാത്തും രാജസ്ഥാനും പശ്ചിമ ബംഗാളുമെല്ലാം വനിതകള്‍ ഭരിക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ പോലും ഇടം നേടാന്‍ പാടുപെടുന്നത്. യു.പിക്കും ഒഡീഷയ്ക്കും ഗോവയ്ക്കും അസമിനും പഞ്ചാബിനും മധ്യപ്രദേശിനും ഡല്‍ഹിക്കുമെല്ലാമുണ്ട് വനിതകള്‍ മുഖ്യമന്ത്രിയായ ചരിത്രം. മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിപദം അലങ്കരിച്ച ആറു പേരില്‍ ഒരാള്‍ വനിതയാണ്. തുടര്‍ച്ചയായി 5484 ദിവസം ഡല്‍ഹി ഭരിച്ച ഷീല ദീക്ഷിത്.
എണ്ണത്തില്‍ കൂടുതലുണ്ടായിട്ടും കേരളത്തിലെ സ്ത്രീകള്‍ക്ക് എന്തിനാണ് ഒരു മന്ത്രിസ്ഥാനത്തിനോ എം.എല്‍.എ. സ്ഥാനത്തിനോ എന്തിന് ഒന്ന് മത്സരിക്കാന്‍ പോലും പുരുഷ നേതാക്കളുടെ വീട്ടുപടിക്കല്‍ കാത്തു നില്‍ക്കണം. സ്ത്രീകള്‍ക്ക് സീറ്റ് കിട്ടാന്‍ തുണിയഴിക്കേണ്ടിവരുമെന്ന് മുമ്പ് ഒരു നേതാവ് പറഞ്ഞിരുന്നു. അതിന്റെ കോലഹലങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.രാഷ്ട്രീയത്തില്‍ മുന്നേറുന്ന സ്ത്രീകളെ നെറ്റിചുളിച്ചും മുനവെച്ചുമല്ലാതെ സ്വീകരിക്കാന്‍ ഇനിയും നമുക്ക് കഴിയുന്നില്ല.എണ്‍പത്തിയേഴില്‍ കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യത്തിന്റെ ബലത്തിലാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്.എന്നാല്‍, അധികാരം ഉറപ്പിച്ചപ്പോള്‍ ഗൗരിയമ്മ പുറത്ത്. പകരം നായനാര്‍ മുഖ്യമന്ത്രി. കാലക്രമത്തില്‍ ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്തായി. പിന്നെയൊരിക്കലും മുഖ്യമന്ത്രിപദത്തിലേയ്‌ക്കൊരു പെണ്ണിന്റെ പേര് ഉയര്‍ന്നുകേട്ടില്ല. മന്ത്രിയാവുന്നത് തന്നെ ഔദാര്യം പോലെയായി. ഇന്ന് സീറ്റ് വീതംവെപ്പില്‍പ്പോലും ഒരു സ്ത്രീകളുടെ പേര് കാര്യമായി ഉയര്‍ന്നുവരുന്നില്ല. ഈ വസ്തുതകളൊക്കെ നിലനില്‍ക്കെ ഇപ്പോഴത്തെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ലോകവനിത നേതാക്കള്‍ക്കൊപ്പം ഇടം പിടിച്ചു എന്നത് വളരെ അഭിമാനകരമായ നേട്ടമാണ്.ഈ കോലഹലങ്ങള്‍ക്കിടയില്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാവുകയാണ് കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലം. എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും വേണ്ടി ഇവിടെ മത്സരിക്കുന്നത് വനിത സ്ഥാനാര്‍ഥികളാണ്. സിപിഐയുടെ സി കെ ആശയാണ് നിലവില്‍ വൈക്കത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 2016ല്‍ 24584 വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു ആശയുടെ വിജയം. ഇക്കുറിയും സി കെ ആശ തന്നെയാണ് എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത്. നാല്‍പത്തിനാലുകാരിയായ ആശയ്ക്ക് നിയമസഭയില്‍ ഇത് രണ്ടാം അങ്കമാണ്. വൈക്കം മണ്ഡലത്തില്‍ നിന്ന് എട്ട് പേര്‍ നിയമസഭയിലെത്തിയപ്പോള്‍ അവരിലെ ഏക വനിത സി കെ ആശയാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുമണ്ഡലത്തിലെത്തിയ ആശ നിലവില്‍ സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗമാണ്.ഡോ. പി ആര്‍ സോനയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സോന നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം. കെപിസിസി ജനറല്‍ സെക്രട്ടറിയായ പി ആര്‍ സോന കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്നു. എസ് എച്ച് മൗണ്ട് വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. മാന്നാനം കെ ഇ കോളേജില്‍ താത്കാലിക അധ്യാപികയായിരുന്ന സമയത്തായിരുന്നു സോനയുടെ രാഷ്ട്രീയപ്രവേശം. അതേസമയം ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിന്റെ അജിതാ സാബുവാണ് മത്സര രംഗത്തുള്ളത്.സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷിന്റെ പ്രതിഷേധ ജ്വാല ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ പുരുഷ രാഷ്ട്രീയത്തോട് കേരളത്തിന്റെ സ്ത്രീകള്‍ എന്തിന് ഒരു സീറ്റിനോ എം.എല്‍.എ. സ്ഥാനത്തിനോ പേരിനുള്ള ഒരു മന്ത്രിസ്ഥാനത്തിനോ വേണ്ടി യാചിക്കണം. സ്ത്രീ സ്ഥാനാര്‍ത്ഥിത്വം ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു വനിത മുഖ്യമന്ത്രി ഭരിക്കുന്ന കേരളം എന്ന സ്വപ്‌നം അത്ര വിദൂരമല്ലയെന്ന് കരുതാം !ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.