കള്ളവോട്ട് ആരോപണം: കര്‍ശന നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കള്ളവോട്ട് ആരോപണം: കര്‍ശന നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ കള്ളവോട്ട് ആരോപണത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ ഒരാള്‍ക്ക് വോട്ട് ഉണ്ടെങ്കില്‍ അത് ഒഴിവാക്കും. ഒരാള്‍ ഒരു പട്ടികയില്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്ന് ഉറപ്പ് വരുത്താനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ അഞ്ച് മണ്ഡലങ്ങളില്‍ മാത്രം പതിനാലായിരത്തിലധികം വോട്ടുകള്‍ ഇരട്ടിച്ചുവെന്നായിരുന്നനു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇക്കാര്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.


ഒരു ബൂത്തില്‍ ഒരാള്‍ക്ക് തന്നെ അഞ്ച് വോട്ട് വരെയുണ്ടെന്ന് കാട്ടി തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷ നേതാവ് കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരോട് ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടിയിരുന്നു. നാളെയോ മറ്റന്നാളോ കിട്ടുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് കമ്മീഷന്‍.


പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന പോലെ ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാനാണ് തീരുമാനം. ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി കമ്മീഷന്‍ അതാത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കഴക്കൂട്ടം, അമ്പലപ്പുഴ, കൊയിലാണ്ടി, കൊല്ലം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ട് ഇരട്ടിപ്പുണ്ടെന്ന ആരോപണം ഉയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.