കൊറോണയെന്നത് നഷ്ടങ്ങളുടെ കഥയായി മാലോകർ പഴിക്കുമ്പോൾ ആ കാലം നൽകിയ ചില സൗഭാഗ്യങ്ങളുടെ കഥയാണ് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർഥികളിൽ കാണാനാവുന്നത്.
പഠനം, ജീവിതം, വിനോദം, കൂട്ടുകാർ തുടങ്ങിയ മേഖലകളിലും കാതലായ മാറ്റം കൊറോണ വരുത്തി. തുടരെത്തുടരെയുള്ള കൈകഴുകൽ, മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, വീട്ടിലുള്ള ജീവിതം തുടങ്ങിയ അസ്വസ്ഥതകളുണ്ടെങ്കിലും അതിനെ മറികടക്കാൻ മതിയായ ചില സന്തോഷങ്ങളും നൽകി. ജെസി ടീച്ചർ എന്ന ചിത്രകലാധ്യാപികയുടെ നിർദ്ദേശപ്രകാരം മനസിലുള്ളതെല്ലാം അവർ വരച്ചു കൂട്ടാൻ തുടങ്ങി. ഓരോ ദിനാചരണങ്ങൾക്കുമായി ധാരാളം ചിത്രങ്ങൾ വരച്ചു. ഗാന്ധിജയന്തി, ലഹരി വിരുദ്ധദിനo, അധ്യാപകദിനം, പരിസ്ഥിതിദിനം, ഹിരോഷിമദിനം, തുടങ്ങിയ ദിനങ്ങളെല്ലാം നിറങ്ങൾ കൊണ്ടവർ വ്യത്യസ്തമാക്കി. അതിനിടയിലാണ് കൊറോണക്കാലത്തെ അനുഭവങ്ങൾ ചിത്രരൂപത്തിലാക്കാനുള്ള ടാസ്ക് ലഭിച്ചത്. കുട്ടികളുടെ ഭാവനയും ചിത്രീകരണവും സുന്ദരമായിരുന്നു.
വരച്ചചിത്രങ്ങളധികവും വാട്സാപ്പിലൂടെ കൂട്ടുകാർക്കും അധ്യാപകർക്കും അയച്ച് കൊടുത്തു. അതുകൂടാതെ ഉപയോഗശൂന്യമായ കുപ്പികളിലും പാഴ്വസ്തുക്കളും മനോഹരമായ ചിത്രപ്പണികളാൽ ഷോകേസുകളിലെക്ക് കുടിയേറി. വീടിൻ്റെ ചുമരുകളിലും ധാരാളം ചിത്രം വരച്ച കുട്ടികളുണ്ടായിരുന്നു. മേഴ്സി ടീച്ചറിൻ്റെ ശിക്ഷണത്തിൽ കരകൗശലപ്പണികളിൽ മുഴുകിയ കുട്ടികളും ഒട്ടേറെയുണ്ട്. സ്കൂൾ ഓൺലൈനിലൂടെ നടത്തിയ വിവിധങ്ങളായ മത്സരങ്ങളിൽ കീശനിറച്ചവരും ഏറെ. ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിലുടെയും സ്കൂൾ യുട്യൂബ് ചാനലിലൂടെയും കൂട്ടുകാരും പരിചയക്കാരും കണ്ടപ്പോൾ അഭിനന്ദനങ്ങൾ പെരുകി.
ഇങ്ങനെ വീട്ടിലിരുന്ന് ഒറ്റപ്പെടാമായിരുന്ന നാളുകൾ സർഗ്ഗാത്മകമായി മാറ്റിയപ്പോൾ എല്ലാവരും തങ്ങളെ അറിയുകയായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. ചിത്രരചനയിൽ ഒരാളുടെ മനസ്സിലെ നൊമ്പരവും പ്രതീക്ഷയും സ്വപ്നങ്ങളും എല്ലാം സചിത്രമായി കാണിക്കാം. ഒരു കഥ വായിക്കുമ്പോൾ കഥാസാഹചര്യങ്ങൾ മനസ്സിൽ നാം സ്വയം ഭാവന ചെയ്തുകൊണ്ടു വരണം. എന്നാൽ ചിത്രം വരയ്ക്കുമ്പോൾ എല്ലാവരേയും ചിത്രത്തിലേക്ക് കൊണ്ടുവരാം. മനസ്സ് തുറന്ന് കാണിക്കാം. മാത്രമല്ല നിറങ്ങൾ എല്ലാ കുട്ടികൾക്കും സന്തോഷവും ആനന്ദവും പകരുന്നതുമാണല്ലോ. കഥയും കവിതയും എഴുതി ബുക്ക് നിറച്ചവരും ഒത്തിരിയുണ്ട്.
സ്കൂളിലായിരുന്നുവെങ്കിൽ കുട്ടികൾക്ക് ഒന്നിനും സമയം തികയില്ലായിരുന്നു. ഇടയ്ക്കിടക്കുള്ള പരീക്ഷകൾ, ക്ലബ് മീറ്റിങ്ങുകൾ, ശകാരങ്ങൾ തുടങ്ങിയ അലോസരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോളാകട്ടെ ഇഷ്ടമുള്ളത് വായിക്കാനും ഹോബികളിൽ ഏർപ്പെടാനും പുതിയ വിഭവങ്ങൾ ഉണ്ടാക്കാനും സമയമുണ്ട്.
കൊറോണക്കാലത്ത് ടീച്ചേഴ്സും അടിമുടി മാറി. അധ്യാപകർക്ക് കുട്ടികളെ ഇത്രകണ്ട് ശ്രദ്ധിക്കാനും സമയമില്ലായിരുന്നു. ഇപ്പോൾ ഫോണിലൂടെ ഓരോ കുട്ടിയുടെ പഠനവിവരങ്ങളും വീട്ടുവിശേഷങ്ങളും ചോദിച്ചറിയുന്നു, പ്രോത്സാഹിപ്പിക്കുന്നു. പഠനത്തിൽ താല്പര്യം കുറഞ്ഞവരെ പ്രത്യേകം പരിഗണിക്കുന്നു. അധ്യാപകരിൽ നിന്ന് ഇതെല്ലെ ഒരോ കുഞ്ഞും ആഗ്രഹിച്ചിരുന്നത്.
മുമ്പ് ‘പഠിപ്പിസ്റ്റുകൾ’ സ്കൂളിലെ സ്റ്റാറായിരുന്നു. ഇന്ന് പഠിപ്പിസ്റ്റുകൾക്കൊപ്പം ഇതരകഴിവുള്ളവർ സ്കൂൾഗ്രൂപ്പുകളിലും യൂട്യൂബിലും സ്റ്റാറാകുന്നു. കൊറോണയുടെ ഓരോ ലീലാ വിലാസങ്ങളെ….!
✍ ജേക്കബ് കോച്ചേരി
ചിത്രങ്ങൾ കാണാം താഴെ,
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.