വാഹന സ്‌ക്രാപ്പിംഗ് നയം ലോക്‌സഭയില്‍ അവതരിപ്പിച്ച് നിതിന്‍ ഗഡ്ക്കരി

വാഹന സ്‌ക്രാപ്പിംഗ് നയം ലോക്‌സഭയില്‍ അവതരിപ്പിച്ച് നിതിന്‍ ഗഡ്ക്കരി

ന്യൂഡല്‍ഹി: കാലാവധി എത്തുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാനുതുകുന്ന സ്‌ക്രാപ്പിംഗ് നയം അവതരിപ്പിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. ഇതനുസരിച്ച് ഇന്ത്യയില്‍ ഇനി വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷമായിരിക്കും ആയുസ്. മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തെ പഴക്കം നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം വാഹനങ്ങള്‍ സ്‌ക്രാപ്പാക്കി മാറ്റും.

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തയാറാകുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിഗത വാഹനങ്ങളാണ് പൊളിക്കുന്നതെങ്കില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ റോഡ് നികുതിയില്‍ 25 ശതമാനം റിബേറ്റുണ്ട്. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 ശതമാനമാണ്. പൊളിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും-മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. ഫിറ്റ്‌നെസ് ഇല്ലാത്ത വാഹനങ്ങളെ നിരത്തില്‍ നിന്നും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം പൊളിക്കല്‍ നയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്‌ക്രാപ്പിംഗ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കില്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീ നല്‍കേണ്ടതില്ല. പഴയ വാഹനങ്ങള്‍ 10 മുതല്‍ 12 ഇരട്ടി വരെ പരിസ്ഥിതിയെ മലിനമാക്കുന്നു, റോഡ് സുരക്ഷയ്ക്കും ഭീഷണിയാണ്. പ്രവര്‍ത്തനക്ഷമമല്ലാത്തതും പരിസരം മലിനമാക്കുന്നതുമായ വാഹനങ്ങള്‍ ഒഴിവാക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തിലെത്തിക്കുക എന്നതാണ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് നയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നയം പ്രാബല്യത്തില്‍ വരുന്നതോടെ 35,000 തൊഴിലവസരങ്ങളും, 10,000 കോടി രൂപയുടെ അധിക നിക്ഷേപവും രാജ്യത്തുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നയത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത, ഹൈവെയ്‌സ് മന്ത്രാലയം ഓരോ സംസ്ഥാനത്തും ഒരു മാതൃക ഫിറ്റ്‌നെസ് സെന്റര്‍ സ്ഥാപിക്കും. ഇതുകൂടാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ രജിസ്റ്റേര്‍ഡ് ഫിറ്റ്‌നെസ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പരമാവധി പ്രോല്‍സാഹനം നല്‍കും. ഓരോ ജില്ലയിലും ഫിറ്റ്‌നെസ് കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സംസ്ഥാന-സര്‍ക്കാരുകളെ പ്രോല്‍സാഹിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

കാലാവധി പൂര്‍ത്തിയായ വാഹനങ്ങള്‍ ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയമാകേണ്ടി വരും. ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളായിരിക്കും ഇതു നടത്തുക. ഈ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാകും വാഹനം പൊളിക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കുക-മന്ത്രി വ്യക്തമാക്കി. ഒരു വാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അത് പൊളിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
വാണിജ്യ വാഹനങ്ങള്‍ക്ക് പ്രാരംഭ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷത്തിന് ശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനും ഫിറ്റ്‌നസ് ടെസ്റ്റിനുമുള്ള വര്‍ധിച്ച ഫീസ് ബാധകമാക്കും. യോഗ്യതയില്ലാത്തതായി കണ്ടെത്തിയാല്‍ സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷത്തിനുശേഷം ഡീ രജിസ്റ്റര്‍ ചെയ്യപ്പെടും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍, സംസ്ഥാന ഗതാഗത സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ എല്ലാ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ 15 വര്‍ഷത്തിനുശേഷം ഡീരജിസ്റ്റര്‍ ചെയ്ത് റദ്ദാക്കണം.
രജിസ്റ്റര്‍ ചെയ്ത സ്‌ക്രാപ്പിംഗ് സെന്ററുകളിലൂടെ പഴയതും യോഗ്യതയില്ലാത്തതുമായ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിന് പഴയ വാഹന ഉടമകള്‍ക്ക് ഈ പദ്ധതി പ്രോത്സാഹനം നല്‍കും.

അതേസമയം ഫിറ്റ്‌നെസ് ടെസ്റ്റില്‍ വിജയിച്ചാല്‍ കാലാവധി നീട്ടിയുള്ള സര്‍ട്ടിഫിക്കറ്റും വാഹനത്തിന് നല്‍കും.
പഴക്കമുള്ള വാഹനങ്ങള്‍ നശിപ്പിക്കേണ്ട സാഹചര്യം വരുമ്പോള്‍ പുതിയ വാഹനങ്ങള്‍ക്ക് ഡിമാന്റഡ് ഉണ്ടാകും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള പ്രവണത ഇതോടെ ശക്തമാകുമെന്നും കേന്ദ്രം കരുതുന്നു. നയം നടപ്പായാല്‍ കേരളത്തില്‍ മാത്രം 35 ലക്ഷം വാഹനങ്ങളെ അത് ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.