ഓളപ്പരപ്പിലെ ബസിലിക്കയും വി.യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം -2)

ഓളപ്പരപ്പിലെ ബസിലിക്കയും വി.യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം -2)

നസ്രാണികളുടെ ഐതിഹാസിക രഹസ്യങ്ങളുടെ കലവറ: ചമ്പക്കുളം സെന്റ് മേരീസ്‌ ബസിലിക്ക.

സീറോ മലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക. അതുപോലെ ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ദൈവാലയങ്ങളിൽ ഒന്നും. ആലപ്പുഴ ജില്ലയിലുള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളുടെയും മാതൃസ്ഥാനീയയുമാണ് ഈ പള്ളി.തോമ്മാശ്ളീഹായാൽ സ്ഥാപിക്കപ്പെട്ട ഏഴരപ്പള്ളികളിൽ ഒന്നായ നിരണത്തിന്റെ കുരിശു പള്ളിയായി AD 427 ൽ ആലപ്പുഴ  ജില്ലയിലെ കുട്ടനാട്ടിൽ, ഒറ്റപ്പെട്ടു കിടന്ന ഒരു ഗ്രാമമായിരുന്ന ചമ്പക്കുളത്തു,ശാന്തമായി ഒഴുകുന്ന പമ്പയുടെ തീരത്താണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. മലബാർ ക്രിസ്ത്യാനികളുടെ ഇടയിൽ അതുല്യമായ ഒരു സ്ഥാനം ചമ്പക്കുളം പള്ളിക്കുണ്ട്.

കൃഷി, കച്ചവട സൗകര്യങ്ങൾ കൂടുതലുണ്ടായിരുന്ന ഇവിടേയ്ക്ക് ഈ ജോലികളിൽ താല്പര്യമുണ്ടായിരുന്ന ക്രിസ്ത്യാനികൾ നിരണത്തു നിന്നെത്തുകയും അഭിവൃദ്ധിയിൽ എത്തുകയും ചെയ്തു. അന്നു ദൈവരാധനക്കായി 24 കിലോമീറ്ററുകളോളം ദൂരമുള്ള നിരണത്തേക്ക് പോകേണ്ടിയിരുന്നു. ഇക്കാലയളവിൽ കടുത്തുരുത്തി, കുറവിലങ്ങാട്,കുടമാളൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൂടുതൽ നസ്രാണി കുടുംബങ്ങൾ ഇവിടേയ്ക്ക് കുടിയേറി. ആക്കാലത്തെ രാജാക്കന്മാർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ചമ്പക്കുളം പള്ളി പല പ്രാവശ്യം പുതുക്കി പണിതു. ഇപ്പോൾ നാം കാണുന്ന ദൈവാലയം 1885-91 കാലഘട്ടത്തിൽ പൗരസ്തിയ ആരാധനാക്രമത്തോട് പൂർണ വിശ്വസ്തത പുലർത്തി പുതുക്കി പണിതതാണ്. പള്ളിയുടെ എല്ലാ സംരംഭങ്ങൾക്കും പുതുക്കി പണികൾ ഉൾപ്പെടെ, എല്ലാത്തിനും രാജാക്കന്മാരുടെ അംഗീകാരവും സഹായവുമുണ്ടായിരുന്നു എന്നുള്ളത് ക്രിസ്തീയ സമൂഹം നന്ദിയോടെ ഓർക്കുന്നു. ചമ്പക്കുളം പള്ളിയെ പറ്റി പറയുമ്പോൾ അതിന്റെ പൗരാണികത മാത്രമല്ല നമ്മെ അതിശയിപ്പിക്കുന്നത്, ഈ ദൈവാലയം കേന്ദ്രീകരിച്ചു നിലനിന്നു പൊന്നതും ഇന്നും നില നില്കുന്നതുമായ മത മൈത്രി കൂടിയാണ്. പ്രസ്സിദ്ധമായ മൂലം വള്ളം കളി ഈ മതമൈത്രിയുടെ ഇന്നും ജീവിക്കുന്ന വലിയ സാക്ഷ്യമാണ്.

ചമ്പക്കുളത്തിന്റെ ഐതിഹാസിക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നത്,ചരിത്ര സംഭവങ്ങളുമായുള്ള അതിന്റെ അടുപ്പത്തിലാണ് . നിരണവുമായുള്ള ബന്ധം, യാക്കോബായ സഭയുമായുള്ള അടുപ്പം ദൃഢം ആക്കുന്നതിനും അതുവഴി സഭൈക്യ സംരംഭങ്ങളിൽ മുഖ്യപങ്കു വഹിക്കുന്നതിനും ചമ്പക്കുളത്തിന് കഴിഞ്ഞിരുന്നു. ആറാം മാർത്തോമ്മായും മറ്റു യാക്കോബായ സുറിയാനി വൈദികരും ഈ ദേവാലയത്തിൽ കൗദാശിക ശുശ്രുഷകൾ നടത്തിയിരുന്നു എന്നുള്ളതും അതിനുള്ള തെളിവുകൾ ആണ്.

ഈ പള്ളിയുടെ പരിപോഷണത്തിൽ ചെമ്പകശ്ശേരി രാജാക്കന്മാരായ ദേവനാരായണന്മാർ വലിയ പങ്ക് വഹിച്ചു. ഈ രാജവംശം പന്ത്രണ്ടാം നൂറ്റാണ്ടിൽ കുടമാളൂരിൽ കുറേ നായർ യോദ്ധാക്കളുടെ സഹായത്തിൽ ഒരു നമ്പൂതിരിയാൽ സ്ഥാപിക്കപ്പെട്ടതാണ് . ഇവർ കോഴിക്കോട്ടെ സാമൂതിരിയാൽ ബഹിഷ്‌കൃതർ ആയിരുന്നു. ഇങ്ങനെ രൂപപ്പെട്ട രാജവംശം അറിയപ്പെട്ടത് ദേവനാരായണന്മാർ എന്നാണ്.പിന്നീട് അവർ പടിഞ്ഞാറൻ പ്രദേശങ്ങൾ കീഴടക്കി. അമ്പലപ്പുഴ അവരുടെ ആസ്ഥാനമാക്കുകയും പ്രസിദ്ധമായ അമ്പലപ്പുഴ ക്ഷേത്രം അവരുടെ കൊട്ടാരം ആക്കുകയും ചെയ്തു. പാശ്ചാത്ത്യ ചരിത്രകാരന്മാർ ഈ രാജ്യത്തെ "കിങ്‌ഡം ഓഫ് പോർക്ക"എന്നു വിളിച്ചു. 'പോർക്ക' എന്നത് നമ്മുടെ പുറക്കാടിന് അവർ നൽകിയ പേരായിരുന്നു, പുറക്കാട് ഒരു വലിയ വ്യവസായ കേന്ദ്രവും തുറമുഖവും കൂടി ആയിരുന്നു അക്കാലത്ത്. ആലപ്പുഴ കൂടുതൽ പ്രസിദ്ധം ആയപ്പോൾ ആണ് പുറക്കാട് അപ്രസക്തമായത്.കല്ലൂർക്കാട് അങ്ങാടിയും അന്നു പ്രസ്സിദ്ധമായിരുന്നു. ആ പ്രസ്സിദ്ധിയുടെ ജീവിക്കുന്ന സാക്ഷ്യമാണ് "കല്ലൂർക്കാടൻ പറ." കൊല്ലത്തിനും കൊടുങ്ങല്ലൂരിനും ഇടക്കുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രമായി പുറക്കാട് പുരോഗതിയിലേക്ക് വന്നപ്പോൾ ആർപ്പൂക്കര, കുടമാളൂർ, കുറുപ്പംപടി, കടുത്തുരുത്തി എന്നീ സ്ഥലങ്ങളിൽ നിന്നും പുറക്കാട്ടേക്കുള്ള വ്യവസായികളുടെ യാത്രയുടെ ഇടനാഴി കല്ലൂർക്കാടായി മാറി. പ്രത്യേകിച്ചും സുഗന്ധ വ്യഞ്ജനങ്ങളുടെ കാര്യത്തിൽ. 'കോട്ടൊന്നൊരാ'(കുട്ടനാട്ടിൽ) യിൽ നിന്നുമുള്ള കുരുമുളക് വ്യാപാരത്തെ കുറിച്ചും പഴയ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

അന്റോണിയോ ഗൗവേയിയായുടെ പ്രസ്താവന പ്രകാരം പുറക്കാട് പള്ളി മേല്പറഞ്ഞ രാജാവിനാൽ സ്ഥാപിതമാണ്. ക്രിസ്ത്യാനികളുടെ ദൈവത്തിൽ നിന്നും, വടക്കുംകൂർ രാജ്ഞിയുമായുള്ള യുദ്ധത്തിൽ അദ്ദേഹത്തിനു ലഭിച്ച വിജയങ്ങൾക്ക് ഉപകാരസ്മരണയായി നിർമ്മിച്ചു നൽകിയതാണ് ചമ്പക്കുളം പള്ളി.












( നാളെ തുടരും)

ഓളപ്പരപ്പിലെ ബസിലിക്കയും വി യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം -1)




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26