ഊറില്‍നിന്നൊഴുകുന്ന ശാന്തിയുടെ ഉറവ: ഫ്രാന്‍സിസ് പാപ്പ

ഊറില്‍നിന്നൊഴുകുന്ന ശാന്തിയുടെ ഉറവ: ഫ്രാന്‍സിസ് പാപ്പ

ഏകദേശം നാലായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഊറിൽനിന്ന്‌ സ്വന്തം കുടുംബത്തോടൊപ്പം ദൈവവിളിക്ക്‌ പ്രത്യുത്തരമായി അബ്രാഹം തന്റെ വിശ്വാസയാത്ര ആരംഭിച്ചപ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ആശിച്ചിട്ടുണ്ടാകാം ദൈവം തന്നെ കാത്ത്കൊള്ളുമെന്ന്. ‌ ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങള്‍ താണ്ടിയപ്പോള്‍ ഉള്ളില്‍ മന്ത്രിച്ചിട്ടുണ്ടാകാം ദൈവം തന്നെ കൈവിടില്ലെന്ന്‌. അവന്റെ ആശകളേയും അവന്‌ കൊടുത്ത വാക്കുകളെയും ചരിത്രം സാക്ഷിയാക്കി ദൈവജനമെന്ന പുതിയ സ്രോതസ്സിനെ അവനില്‍ നിന്ന്‌ നിര്‍ഗളിപ്പിച്ചു. ഊറില്‍ നിന്ന്‌ നിര്‍ഗളിച്ച ആ ഉറവയെ തന്റെ ഏകപുത്രനാകുന്ന നിത്യജീവജലം കൊണ്ട്‌ നിത്യ രക്ഷയുടെ
വിശുദ്ധ ജലസാഗരമായി ദൈവം മാറ്റി. പക്ഷേ മതരാക്ഷസരുടെ കൊടുംക്രൂരതയാര്‍ന്ന കൊലക്കാറ്റിലകപ്പെട്ട്‌ ചിതറിയൊഴുകുന്ന ക്രൈസ്തവരുടെ ചുടുചോരയിലലിയുന്ന ആദ്യ ഉറവയെ വെണ്‍നിറമാര്‍ന്ന ജീവജലമാക്കാന്‍ സമാധാനത്തിന്റെ ദൂതനായി അബ്രഹാം നടന്ന വിശ്വാസവീഥിയെ ശാന്തി തീരമാക്കാന്‍ സാന്ത്വനവാക്കുകള്‍ ഉരുവിട്ട്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഇറാക്കിന്റെ മണ്ണില്‍ കാലു കുത്തി
ഇസ്രായേല്‍ വംശത്തിന്റെ പിതാവായിത്തീര്‍ന്ന ഊറിലെ പിതാമഹന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രതീക്ഷയുടെ വഴിത്താരയില്‍ ക്രൈസ്തവസഭയുടെ തലവനായ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ സമാധാനയാത്ര ആകാംക്ഷഭരിതരായ മാനവരാശിയില്‍ ആശയുടെ പൂമൊട്ടുകള്‍ വിരിയിച്ചു.
ലോകത്തിലെ ഏറ്റവും ഭീകരമായ വഴിയിലൂടെ അബ്രാഹത്തിന്റെ വിശ്വാസദാര്‍ഡ്യത്തോടെ ശാന്തിയുടെ വെണ്‍വസ്ത്രങ്ങളണിഞ്ഞ്‌ അവന്‍ പ്രാര്‍ത്ഥനാപൂര്‍വം നീങ്ങി.

 യുദ്ധത്തിന്റെ നിഴലില്‍, അക്രമങ്ങളുടെ ഭീതിയില്‍, അനീതിയുടെയും ദാരിദൃത്തിന്റെയും നിരാശയുടെയും ഇരയായി തകര്‍ന്ന മനസുകളെയും തളര്‍ന്ന ജീവിതങ്ങളേയും പുനരുദ്ധരിക്കും വിധം നീതിയുടെയും സാഹോദര്യ ഐക്യത്തിന്റെയും സന്ദേശവുമായി ഇറാക്കിന്റെ ഹൃദയഭാഗത്ത്നിന്ന്‌ ആശ്വാസ വാക്കുകള്‍ ഉരുവിട്ടു . ഇളകി മറിഞ്ഞ സാമൂഹ്യ വ്യവസ്ഥയേയും ആത്മാവില്ലാത്ത മതമര്‍ദനത്തേയും അവസാനിപ്പിച്ച്‌ അബ്രാഹത്തിന്റെ പാദങ്ങള്‍ പതിഞ്ഞ വാഗ്ദാന മണ്ണില്‍ പരസ്പര സ്നേഹത്തിന്റെ സന്ദേശം അവന്‍ ഉരുവിട്ടു. "സര്‍വശക്തനായ ദൈവമേ, മനുഷ്യകുലത്തെ സ്നേഹിക്കുന്ന ഞങ്ങളുടെ സ്രഷ്ടാവെ പിഡനങ്ങള്‍ക്കിരയായ എല്ലാവരെയും അങ്ങയുടെ ശാന്തിയുടെ പ്രകാശം വിളങ്ങുന്ന വസതിയില്‍ സ്വീകരിക്കണമെ"വാഗ്ദാന മണ്ണില്‍ വച്ച്‌ അവന്‍ പ്രാര്‍ത്ഥിച്ചു 

സമാധാനയാത്ര ആരംഭിക്കേണ്ടത്‌ ആര്‍ക്കും ശത്രുതയില്ലാത്ത അവസ്ഥയില്‍ നിന്നാണെന്ന്‌ അവന്‍ പഠിപ്പിച്ചു. സമാധാനം ഒരിക്കലും വിജയിയേയൊ പരാജിതനേയൊ തിരക്കില്ലെന്ന്‌ ഉദ്ഘോഷിച്ചു . വിദ്വേഷത്തിന്റെ ഉപകരണങ്ങള്‍ കൈവെടിഞ്ഞ്‌ സമാധാനത്തിന്റെ ഉപകരണങ്ങള്‍ വിനിയോഗിക്കാൻ ആയുധവതല്‍ക്കരണത്തിനു പകരം ആഹാരവര്‍ധനത്തിന്‌ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ രാഷ്ട്രത്തലവന്മാരെ ഉദ്ബോധിപ്പിക്കേണ്ട കടമ മനുഷ്യരാശിക്ക്‌
പ്രത്യേകിച്ച്‌ ദൈവവിശ്വാസിക്ക്‌ ഉണ്ടെന്ന്‌ അവന്‍ സന്ദേശത്തില്‍ ഈന്നിപ്പറഞ്ഞു. വിദ്വേഷത്തിന്റെ വെടിയുണ്ടകള്‍ ചിറിപാഞ്ഞ കരിനിറമാര്‍ന്ന ആകാശത്തില്‍ പ്രതീക്ഷയുടെ വെള്ളരിപ്രാവുകള്‍ പറന്നുയർന്നപ്പോൾ വിരിഞ്ഞ സ്വപ്നങ്ങള്‍ക്കും ഉണര്‍ന്ന മനസ്സുകള്‍ക്കുമിടയില്‍ നിന്ന്‌ തകര്‍ന്നുവീണ ദേവാലയത്തെ സാക്ഷ്യമാക്കി രക്ഷയുടെയും വിജയത്തിന്റെയും പ്രതീകമായ വിശുദ്ധ കുരിശിന്റെ തണലില്‍ അര്‍പ്പിച്ച സ്നേഹ ബലി അബ്രാഹത്തിന്റേതുപോലെ ദൈവസംപ്രീതി ജനകമായി. ദൈവത്തിന്റെ പേരില്‍ ആരെയും കൊല്ലരുതെന്നും മതത്തിന്റെ പേരില്‍ ആരെയും വെറുക്കരുതെന്നും മതമൈത്രിയും സഹോദരൈക്യവും കെട്ടിപ്പടുക്കണവുമെന്ന പ്രവാചകധ്വനി അവന്റെ വാക്കുകളില്‍ മുഴങ്ങി. ഷാലോം ഷ്വാലോം ഷാലോം..അവന്‍ എല്ലാവര്‍ക്കുമായി ആശംസിച്ചു.
ഇറാക്കിന്റെ മണ്ണില്‍ നിന്ന്‌ ആകാശത്തിലേക്ക്‌ പറന്നകന്നപ്പോള്‍ ശാന്തിയുടെ സൌരഭ്യമൂറുന്ന ആശാപുഷ്പങ്ങള്‍ വിതറി സ്വന്തം നാട്ടിലേക്കവന്‍ തിരിച്ചു.


ജോണ്‍സണ്‍ വാളാഞ്ചേരി , റോം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.