കൊച്ചി: കടലിലൂടെയുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലകള്‍ക്ക് ശക്തമായ തിരിച്ചടി നല്കി കേന്ദ്ര ഏജന്‍സികളുടെയും ഗുജറാത്ത് എടിഎസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്ത ലഹരിവേട്ട. ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇറാനിയന്‍ ഉരുവപ്പടിയില് നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം മെത്താംഫെറ്റാമൈനും 126 കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തു. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ആഗോള ലഹരി ശൃംഖലയായ ഹാജി സലിം സിന്‍ഡിക്കറ്റാണ് ഈ വന്‍ കടത്തിന് പിന്നിലെന്ന് ഗുജറാത്ത് ലഹരി വിരുദ്ധ സേന സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെഷാവര്‍ സ്വദേശികളായ അഞ്ച് പാകിസ്ഥാന് പൗരന്മാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.
പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട ലഹരിശേഖരം ഇറാനിലെ കോനാറാക്കിന് സമീപം വെച്ചാണ് ആസാദ് എന്ന ഉരുവിലേക്ക് മാറ്റിസ്ഥാപിച്ചത്. തമിഴ്നാട് തീരം വഴി ഇന്ത്യയിലേക്ക് കടത്തി, പഞ്ചാബില്‍ തമ്പടിച്ചിട്ടുള്ള നൈജീരിയന്‍ സംഘത്തിന് കൈമാറാനായിരുന്നു പദ്ധതി. ലഹരിയുടെ പണം മുഴുവന്‍ മുന്‍കൂറായി ഹവാല മാര്‍ഗം കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കടല്‍ മാര്‍ഗമുള്ള യാത്രയില്‍ ആശയ വിനിമയം നടത്താന്‍ അത്യാധുനിക സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയായ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നത്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗുജറാത്ത് എടിഎസും സംയുക്തമായി നടപ്പിലാക്കിയ 16 ദിവസത്തെ തീവ്ര നിരീക്ഷണമാണ് പ്രതികളെ കുടുക്കിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനങ്ങള്‍ നടത്തിയ വ്യോമ നിരീക്ഷണത്തിലൂടെ സംശയാസ്പദമായ സാഹചര്യം കണ്ടെത്തുകയും, തുടര്‍ന്ന് ഐസിജിഎസ് സക്ഷം എന്ന പട്രോള്‍ കപ്പല്‍ ഉപയോഗിച്ച് ഉള്‍ക്കടലില്‍ വെച്ച് ഉരു വളയുകയുമായിരുന്നു. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി കടത്തുകാരനും നൈജീരിയന്‍ സംഘവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്.
നിലവില്‍ മുംബൈയില്‍ വെച്ച് ചോദ്യം ചെയ്ത് വരുന്ന പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ലഹരിക്കടത്തിന് പിന്നിലെ സാമ്പത്തിക കണ്ണികളെ ഉടന്‍ വലയിലാക്കുമെന്നും എടിഎസ് ഡിഐജി സുനില്‍ ജോഷി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.